ന്യൂ ഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രക്കാരിയുടെ മേല്‍ മദ്യപിച്ചയാള്‍ മൂത്രമൊഴിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍. വിഷയം വേഗത്തില്‍ കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടെന്ന് അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.
സംഭവം വ്യക്തിപരമായി ഏറെ വേദനിപ്പിച്ചെന്നും വിഷയത്തില്‍ അടിയന്തര ഇടപെടല്‍ എയര്‍ ഇന്ത്യയുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്നും
ചന്ദ്രശേഖരന്‍ സമ്മതിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയുമെന്നും കൂടുതല്‍ ജാഗ്രത പുലര്‍ത്തുമെന്നും ടാറ്റാ ഗ്രൂപ്പ് മേധാവി അറിയിച്ചു.
അതേസമയം, ന്യൂയോര്‍ക്ക്- ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രക്കാരിയായ സ്ത്രീയുടെ മേല്‍ മൂത്രമൊഴിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യ നടപടികള്‍ കടുപ്പിച്ചിരുന്നു. സംഭവദിവസം വിമാനത്തിലുണ്ടായിരുന്ന പൈലറ്റിനും കാബിന് ക്രൂവിലെ നാല് അംഗങ്ങള്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്കി. സംഭവത്തില്‍ എയര്‍ ഇന്ത്യ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് വന്നശേഷം കൂടുതല്‍ നടപടികളിലേക്ക് കടന്നേക്കും. വിമാനത്തില്‍ യാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിക്കുകയും സ്വകാര്യഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. കര്‍ണാടക സ്വദേശിയായ സ്ത്രീയാണ് പരാതിക്കാരി.