തിരുവനന്തപുരം: ശശി തരൂരിനെ പുകഴ്ത്തി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ശശി തരൂര്‍ പ്രധാനമന്ത്രിയാകാന്‍ യോഗ്യനാണെന്നും എന്നാല്‍ കൂടെയുള്ളവര്‍ സമ്മതിക്കില്ലെങ്കില്‍ എന്ത് ചെയ്യാന്‍ കഴിയുമെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയുള്ള വിമര്‍ശനം.
ഡല്‍ഹി നായര്‍ എന്ന് വിളിച്ച തെറ്റ് തിരുത്താനാണ് തരൂരിനെ പെരുന്നയിലേക്ക് വിളിച്ചത്. എന്നാല്‍ ചടങ്ങില്‍ തരൂരിനെ വിളിച്ചതില്‍ നായര്‍മാരായ മറ്റ് കോണ്‍ഗ്രസുകാര്‍ക്ക് വിഷമം ഉണ്ടായി. മറ്റു ചിലര്‍ക്ക് പെരുന്നയില്‍ വരാന്‍ ആഗ്രഹം ഇല്ലായിരുന്നു. അതൊക്കെ അവരുടെ അല്‍പ്പത്തരം. ഒരു നായര്‍ക്ക് മറ്റൊരു നായരെ കണ്ട് കൂടാ എന്നത് മന്നത്തിന്റെ കാലം മുതല്‍ കേട്ടിട്ടുണ്ട്- സുകുമാരന്‍ നായര്‍ പറഞ്ഞു.
അതേസമയം, കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തലയെ ഉയര്‍ത്തിക്കാട്ടിയതുകൊണ്ടാണ് യുഡിഎഫ് തോറ്റതെന്നും
ഉമ്മന്‍ ചാണ്ടിയെയായിരുന്നു ഉയര്‍ത്തിക്കാട്ടിയതെങ്കില്‍ ഇത്രയും വലിയ പരാജയം ഉണ്ടാകില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
മര്യാദ ഇല്ലാത്ത ഭാഷയിലാണ് വിഡി സതീശന്‍ പലപ്പോഴും സംസാരിക്കുന്നത്. എല്ലാവര്‍ക്കും നായന്മാരോട് അസൂയയാണ്. എണ്ണത്തില്‍ കുറവാണെങ്കിലും ശക്തമായ സമൂഹമാണ് തങ്ങള്‍ എന്നതാണ് ഇതിന് കാരണമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
പിണറായി വിജയന്‍ ഗവണ്‍മെന്റില്‍ ഒരു നന്മയും തനിക്ക് കാണാനാവുന്നില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ആഞ്ഞടിച്ചു.
കേരളത്തിലെ ബിജെപി ഹിന്ദുക്കളെ സംരക്ഷിക്കുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിപ്പിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.