ന്യൂ ഡല്‍ഹി: തണുത്ത് മരവിച്ച് ഉത്തരേന്ത്യ. ഡല്‍ഹിയില്‍ ഇന്ന് 1.9 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ഇതേ തുടര്‍ന്ന് ഡല്‍ഹി അടക്കം ഉത്തരേന്ത്യയില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീര്‍, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലും ശീതക്കാറ്റും മൂടല്‍ മഞ്ഞും തുടരുകയാണ്.
ശീതക്കാറ്റും കനത്ത മൂടല്‍ മഞ്ഞിനെയും തുടര്‍ന്ന് റോഡ്, റെയില്‍, വ്യോമ ഗതാഗതവും താറുമാറായി. ഡല്‍ഹി വിമാനത്താവളത്തില്‍ ഇന്ന് 20 വിമാനങ്ങളുടെ സര്‍വീസ് വൈകി. ഉത്തരേന്ത്യയില്‍ 42 തീവണ്ടികളാണ് വൈകി ഓടുന്നത്.
അതേസമയം, മൂടല്‍മഞ്ഞ് കനത്തതോടെ പലയിടത്തും കാഴ്ചാ പരിധി 25 മീറ്റര്‍ വരെയായി ചുരുങ്ങി. ഡല്‍ഹിയോടൊപ്പം ഹരിയാന, ചണ്ഡീഗഡ്, കിഴക്കന്‍ ഉത്തര്‍ പ്രദേശ്, കിഴക്കന്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, എന്നിവിടങ്ങളിലും തീവ്ര ശൈത്യ തരംഗം തുടരുമെന്നാണ് മുന്നറിയിപ്പ്.