തിരുവനന്തപുരം: സ്‌കൂള്‍ കലോത്സവത്തിന് ഭക്ഷണം പാചകം ചെയ്യാന്‍ ഇനി താനില്ലെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി. തനിക്ക് ഭയമുണ്ടെന്നും ഭക്ഷണത്തില്‍ പോലും വര്‍ഗീയത കണ്ടെത്തുന്ന കാലമാണിതെന്നും അദ്ദേഹം പറഞ്ഞു. കലോത്സവത്തില്‍ കുട്ടികള്‍ക്ക് തയ്യാറാക്കുന്ന ഭക്ഷണത്തില്‍ പോലും വര്‍ഗീയതയുടെയും ജാതീയതയുടെയും വിഷവിത്തുകള്‍ വാരിയെറിയുന്നത് തന്നെ അസ്വസ്ഥനാക്കുന്നതായി പഴയിടം ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.
സ്‌കൂള്‍ കലാമേളക്ക് ഭക്ഷണം പാചകം ചെയ്യുന്നത് നിര്‍ത്താന്‍ മുന്‍പ് ഒരിക്കല്‍ തീരുമാനിച്ചിരുന്നു. അന്ന് സര്‍ക്കാര്‍ സമ്മര്‍ദം കൊണ്ടാണ് വീണ്ടും മേളക്ക് എത്തിയത്. ഇനി ടെന്‍ഡറില്‍ പങ്കെടുക്കില്ലെന്നും പഴയിടം മോഹനന്‍ നമ്പൂതിരി വ്യക്തമാക്കി.
അതേസമയം, അടുത്ത കലോത്സവം മുതല്‍ നോണ്‍ വെജ് ആഹാരം വിളമ്പാന്‍ കലോത്സവ മാനുവല്‍ പരിഷ്‌കരിക്കുമെന്ന് മന്ത്രി ശിവന്‍ കുട്ടി വ്യക്തമാക്കിയിരുന്നു. പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും സര്‍ക്കാര്‍ തീരുമാനിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും നോണ്‍വെജ് വിളമ്പാമെന്ന് പഴയിടം മോഹനന്‍ നമ്പൂതിരിയും പ്രതികരിച്ചിരുന്നു. കായിക മേളയില്‍ മാംസാഹാരം വിളമ്പുന്നവര്‍ തന്റെ സംഘത്തില്‍ തന്നെ ഉണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.