കൊച്ചി: ഇലന്തൂർ ഇരട്ട നരബലിക്കേസിലെ ആദ്യ കുറ്റപത്രം എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. ദൃക്സാക്ഷികളില്ലാത്ത കേസിൽ 166 സാക്ഷികളുടെ മൊഴികളാണ് 1600 പേജുകളുള്ള കുറ്റപത്രത്തിലുള്ളത്. മുഖ്യപ്രതി ഷാഫിയടക്കം മൂന്ന് പ്രതികളും മനുഷ്യമാംസം കഴിച്ചുവെന്ന് കുറ്റപത്രത്തിലുണ്ട്. പ്രതികള്‍ മൂന്ന് പേരെ കൂടി നരബലിക്കിരയാക്കാൻ ശ്രമിച്ചുവെന്ന് കുറ്റപത്രം പറയുന്നു.
പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി 89 ആമത്തെ ദിവസമാണ് എറണാകുളം സെൻട്രൽ എസിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ദൃക്സാക്ഷികൾ ഇല്ലാത്ത കേസിൽ സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് 1600 പേജുകൾ ഉള്ള കുറ്റപത്രം തയ്യാറാക്കിയത്.
തമിഴ്നാട് സ്വദേശിനി പദ്മയെ ഇലന്തൂരിൽ കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ മുഹമ്മദാ ഷാഫിയാണ് ഒന്നാം പ്രതി. ഇലന്തൂരിലെ ഭഗവൽ സിംഗ്, ഭാര്യ ലൈല എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. സാമ്പത്തിക അഭിവൃദ്ധിക്കും ഐശ്വര്യത്തിനും നരബലി നടത്തണമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഷാഫി ഇലന്തൂരിലെ ഭഗവത്സിംഗിനെ സമീപിക്കുന്നത്. ഇതിലെ ചാറ്റും മറ്റ് ഡിജിറ്റൽ തെളിവുകളുമുണ്ട്. കൊലപാതകം, ഗൂഡാലോചന തട്ടിക്കൊണ്ടുപോകൽ, മൃതദേഹത്തോട് അനാദരവ്, പീഡനം, മോഷണം തുടങ്ങിയ ക്കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പ്രതികൾ മനുഷ്യമാംസം കഴിച്ചതിനും തെളിവുകൾ നിരത്തുന്നു. പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ആപൂർവങ്ങളിൽ അപൂർവമായ കേസെന്നും കുറ്റപത്രത്തിലുണ്ട്.
കാലടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള റോസിലിയെ ഇലന്തൂരിലെത്തിച്ച് കൊലപ്പെടുത്തിയ രണ്ടാമത്തെ കേസിലെ കുറ്റപത്രം അധികം വൈകാതെ ഉണ്ടാകുമെന്നും അന്വേഷണ സംഘം അറിയിച്ചു.