തൃശൂർ: ഇരിങ്ങാലക്കുട മുരിയാട് ധ്യാനേകേന്ദ്രത്തിലെ ആൾക്കൂട്ട മർദ്ദന കേസിൽ പതിനൊന്ന് 11 വനിതകൾ അറസ്റ്റിൽ. ആളൂർ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മൂരിയാട് പ്ലാത്തോട്ടത്തിൽ ഷാജിക്കും കുടുംബത്തിനും നേരെയാണ് ആക്രമണമുണ്ടായത്. പ്രതികളെ ചാലക്കുടി കോടതി റിമാൻഡ് ചെയ്തു.
വയനാട് സ്വദേശി തൈപ്പറമ്പിൽ അൽഫോൺസ, മിനി, ഇടുക്കി സ്വദേശിനി ഗീത, സ്റ്റെഫി, ലിൻഡ, ജിബി, ആര്യ, അയോണ, ലിയോണ, നിഷ തുടങ്ങി 11 പേരെയാണ് ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ തോമസും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. എംപറർ ഇമ്മാനുവൽ എന്ന സഭാ വിശ്വാസവുമായി ബന്ധപ്പെട്ട ആളുകളാണ് ഇവർ. ഇതുമായി ബന്ധപ്പെട്ട് ഈ സഭയുമായി തർക്കമുണ്ടായിരുന്നു.
സഭാബന്ധം ഉപേക്ഷിച്ച മുരിയാട് സ്വദേശി ഷാജിയെ സ്ത്രീകളുടെ സംഘം മർദിച്ചിരുന്നു. ആക്രമണത്തിൽ ഷാജിയും ഷാജിയുടെ മകന്റെ ഭാര്യയും അടക്കം അഞ്ചുപേർക്കാണ് പരുക്കേറ്റത്. ആൾക്കൂട്ട മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തായതിന് പിന്നാലെയാണ് അറസ്റ്റ്. വധശ്രമത്തിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.