മുംബൈ: എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയ്ക്ക് മേല്‍ മൂത്രമൊഴിച്ച ശങ്കർ മിശ്രയെ പുറത്താക്കി വെൽസ് ഫാർഗോ. കമ്പനിയുടെ ഇന്ത്യയിലെ വൈസ് പ്രസിഡന്റായിരുന്നു ശങ്കർ മിശ്ര. ഇദ്ദേഹത്തെ പുറത്താക്കിയതായി വെൽസ് ഫാർഗോ അറിയിച്ചു. അന്വേഷണവുമായി സഹകരിക്കുമെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
വെൽസ് ഫാർഗോ ജീവനക്കാരിൽനിന്ന് ഉയർന്ന നിലവാരത്തിലുള്ള പെരുമാറ്റമാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ മിശ്രയ്ക്കെതിരായ ആരോപണങ്ങൾ തങ്ങളെ അസ്വസ്ഥമാക്കുന്നു. ഇദ്ദേഹത്തെ വെൽസ് ഫാർഗോയിൽ നിന്ന് പുറത്താക്കിയിരിക്കുന്നു. പോലീസുമായി സഹകരിക്കുമെന്നും കമ്പനി അറിയിച്ചു. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ സാമ്പത്തിക സ്ഥാപനമാണ് വെൽസ് ഫാർഗോ.
കർണാടക സ്വദേശിനിയുടെ ദേഹത്ത് നവംബർ 26നാണ് മദ്യ ലഹരിയിൽ ആയിരുന്ന ശേഖർ മിശ്ര വിമാനത്തിൽ വെച്ച് മൂത്രം ഒഴിച്ചത്. യാത്രക്കാരിയുടെ പരാതി പൊലീസിന് കൈമാറിയത് രണ്ട് ദിവസത്തിന് ശേഷമാണ്. നിയമ നടപടി വൈകിപ്പിച്ചതിൽ എയർ ഇന്ത്യക്യാബിൻ ക്രൂവിനും പങ്കുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ. പരാതിയിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചു എന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം.
സംഭവത്തിൽ വിശദമായ റിപ്പോർട്ട് എയർ ഇന്ത്യ ഡി.ജി.സി.എയ്ക്ക് നൽകി. ഡിസംബർ ആറിലെ പാരിസ് – ഡൽഹി എയർ ഇന്ത്യ വിമാനത്തിലും മദ്യപിച്ച യാത്രക്കാരൻ സഹയാത്രികയുടെ പുതപ്പിൽ മൂത്രമൊഴിച്ചു. യാത്രക്കാരിയുടെ പരാതിയിൽ യാത്രക്കാരനെ കസ്റ്റഡിയിൽ എടുത്തെങ്കിലും മാപ്പ് എഴുതി നൽകിയതിനാൽ തുടർനടപടികൾ അവസാനിപ്പിച്ചു.