തിരുവനന്തപുരം: വനംമന്ത്രി എ.കെ ശശീന്ദ്രനെതിരെ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എ.കെ ശശീന്ദ്രനെ പുറത്താക്കണമെന്ന് വി.ഡി സതീശൻ പറഞ്ഞു. ബഫർ സോൺ വിഷയത്തിൽ വനമേഖലയായി ഭൂപടത്തിൽ രേഖപ്പെടുത്തപ്പെട്ട എയ്ഞ്ചൽവാലിയിലെത്തി ജനങ്ങളുമായി സംസാരിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
ബഫർ സോൺ വിഷയം വഷളാക്കിയത് എ.കെ ശശീന്ദ്രനാണ്. വകുപ്പിൽ നടക്കുന്നത് എന്താണെന്ന് മന്ത്രിയ്ക്ക് മനസിലാകുന്നില്ല. വിഷയം പഠിക്കുന്നില്ല. കക്ഷി നേതാവ് എന്ന നിലയിൽ തുടരട്ടേ എന്നാണെങ്കിൽ വിശ്രമത്തിനും വിനോദത്തിനും പറ്റിയ വകുപ്പ് നൽകണമെന്നും വി.ഡി സതീശൻ പറഞ്ഞു.
ജനവാസ കേന്ദ്രങ്ങളെ വനഭൂമിയാക്കിയവര് എല്ലാം ശരിയാക്കുമെന്ന് പ്രസംഗിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്. ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രാപ്തനല്ലെന്ന് സ്വയം തെളിയിച്ചിരിക്കുകയാണ് വനം മന്ത്രി. ഇദ്ദേഹത്തെ മന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കണം.
പമ്പാവാലിയിലെയും ഏഞ്ചല്‍വാലിയിലെയും പ്രദേശങ്ങളെ മുഴുവന്‍ വനഭൂമിയാക്കിയുള്ള ഉപഗ്രഹ മാപ്പ് ഡല്‍ഹിക്ക് അയച്ച മന്ത്രിയാണ് ഇവിടെ വന്ന് എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്ന് പ്രസംഗിച്ചത്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം കരം അടയ്ക്കുന്ന പട്ടയ ഭൂമിയെയാണ് പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ ഭാഗമായുള്ള വനഭൂമിയാക്കി മാറ്റിയിരിക്കുന്നത്. ഇവിടെ താമസിക്കുന്ന ആയിരത്തി ഇരുന്നൂറോളും കുടുംബങ്ങള്‍ എവിടെ പോകും? ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് മന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.