പൂനേ: അവസാന ഓവര്‍ വരെ ആവേശം അലയടിച്ച രണ്ടാം ടി 20 മത്സരത്തില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് തോല്‍വി. 16 റണ്‍സിനാണ് ഇന്ത്യയുടെ തോല്‍വി. ലങ്ക മുന്നോട്ടുവെച്ച 207 റണ്‍സ് വിജയത്തിലേക്കുള്ള ഇന്ത്യന്‍ ബാറ്റിംഗ് 20 ഓവറില്‍ എട്ട് വിക്കറ്റിന് 190 റണ്‍സെന്ന അവസാനിച്ചു. ഇതോടെ പരമ്പരയില്‍ ഒരു മത്സരം അവശേഷിക്കേ ലങ്ക 1-1ന് ഒപ്പമെത്തി.
അക്‌സര്‍ 31 പന്തില്‍ 65 ഉം സൂര്യ 36 പന്തില്‍ 51 ഉം മാവി 15 പന്തില്‍ 26 ഉം റണ്‍സെടുത്ത് പുറത്തായി. ഒരു റണ്ണുമായി ഉമ്രാന്‍ മാലിക് പുറത്താവാതെ നിന്നു. ബാറ്റും പന്തുമായി തിളങ്ങിയ നായകന്‍ ദാസുന്‍ ശനകയാണ് ലങ്കയുടെ വിജയശില്‍പി.
ഒരു ഘട്ടത്തില്‍ 57 റണ്‍സ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ സൂര്യയും അക്സറും ചേര്‍ന്ന് നടത്തിയ രക്ഷാ പ്രവര്‍ത്തനാണ് മികച്ച സ്കോറിലെത്തിച്ചത്. അക്സര്‍ വെറും 31 പന്തില്‍ 65 റണ്‍സെടുത്തപ്പോള്‍ സൂര്യ 51 റണ്‍സെടുത്ത് പുറത്തായി. ഇരുവരും ചേര്‍ന്ന് 91 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.
നേരത്തേ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ലങ്ക പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 55 റണ്‍സ് അടിച്ചിരുന്നു. പിന്നീട് അക്‌സറിലും ചാഹലിലൂടെയും ഇന്ത്യന്‍ ബൗളര്‍മാര്‍ തിരിച്ചുവരവ് നടത്തിയെങ്കിലും അസലങ്കയും ശനകയും ബാറ്റിംഗ് നിയന്ത്രണം ഏറ്റെടുത്തതോടെഇന്ത്യയ്ക്ക് നിയന്ത്രണം നഷ്ടമായി. ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ക്ക് മാത്രമാണ് അടികിട്ടാതിരുന്നത്. 8.2 ഓവറില്‍ 80-1 എന്ന നിലയിലായിരുന്ന ലങ്ക 13.4 ഓവറില്‍ 110-4 എന്ന നിലയിലേക്ക് പതറിയെങ്കിലും അവസാന ഓവറുകളിലെ ശനക വെടിക്കെട്ടില്‍ 200 കടക്കുകയായിരുന്നു.
ഇന്ത്യക്കായി ഉംറാന്‍ മാലിക് മൂന്നും അക്സര്‍ പട്ടേല്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.