തിരുവനന്തപുരം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന് 17 മാസത്തെ ശമ്പളകുടിശ്ശികയായി എട്ടര ലക്ഷം രൂപ അനുവദിക്കാനുള്ള ധനവകുപ്പ് തീരുമാനത്തിന് എതിരെ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. പാവങ്ങളുടെ സാമൂഹിക സുരക്ഷാ പെൻഷൻ പോലും നൽകാൻ കഴിയാത്ത ഗുരുതരമായ ധനപ്രതിസന്ധിയ്ക്കിടെയാണ് അധാർമ്മികമായ ഈ നടപടിയെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
നികുതി പിരിവ് നടത്താതെയും ധൂര്‍ത്തടിച്ചും സര്‍ക്കാര്‍ തന്നെ ഉണ്ടാക്കിയതാണ് ഇപ്പോഴത്തെ ധനപ്രതിസന്ധി. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. തുടര്‍ഭരണം എന്തുംചെയ്യാനുള്ള ലൈസന്‍സല്ലെന്ന് സര്‍ക്കാരും സി.പി.എമ്മും ഓര്‍ക്കണം. ജനാധിപത്യ വ്യവസ്ഥയില്‍ യജമാനന്‍മാരായ ജനങ്ങളെ സര്‍ക്കാരും സി.പി.എമ്മും വെല്ലുവിളിക്കുകയും പരിഹസിക്കുകയുമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അതേസമയം, തന്റെ ശമ്പളം ഒരു ലക്ഷമാക്കിയത് ഇപ്പോഴല്ലെന്നും 2018-മുതല്‍ ഈ ശമ്പളം വാങ്ങുന്നുണ്ടെന്നും യുവജന കമ്മീഷന്‍ അംഗീകരിച്ച തുകയല്ലാതെ നാളിതുവരെ ഒരു രൂപയും കൈപ്പറ്റിയിട്ടില്ലെന്നും വിവാദത്തില്‍ ചിന്ത ജെറോം വിശദീകരണം നല്‍കിയിരുന്നു. ഇപ്പോള്‍ തന്റെ ശമ്പളം ഇരട്ടിച്ചു എന്ന് പറയുന്നത് ദുരുദ്ദേശത്തോടെയാണെന്നും മുന്‍കാല പ്രാബല്യത്തോടെ ശമ്പളം നല്‍കണമെന്ന് താന്‍ ഒരിടത്തും ആവശ്യപ്പെട്ടിട്ടില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം, ചിന്താ ജെറോമിന് ശമ്പള കിടുശ്ശിക നൽകിയതിന് എതിരായ വിമർശനത്തെ സിപിഎം തള്ളി. ഇതിനിടയിൽ തനിക്ക് ശമ്പളം സ്ഥിരപ്പെടുത്തിയിരുന്നില്ലെന്ന് കാട്ടി മുൻ അധ്യക്ഷൻ ആർ വി രാജേഷ് കോടതിയെ സമീപിക്കുകയും ഇതിൽ അനുകൂലമായ വിധി നേടുകയും ചെയ്തിട്ടുണ്ട്. ചിന്തയ്ക്ക് ശമ്പള കുടിശ്ശിക അനുവദിക്കുന്നതോടെ രാജേഷിനും സർക്കാർ മുൻകാല പ്രാബല്യത്തോടെ കുടിശ്ശിക നൽകേണ്ടി വരും.