തിരുവനന്തപുരം: മുപ്പത്തിരണ്ട് ലക്ഷം രൂപ ശമ്പള കുടിശ്ശികയായി കിട്ടിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം. അത്രയും തുക ഒരുമിച്ച് കിട്ടിയാല്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നും പാര്‍ട്ടി പ്രവര്‍ത്തകയെന്ന നിലയില്‍ അതാണ് തങ്ങളുടെ ശീലമെന്നും ചിന്ത മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
കുടിശ്ശിക ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയത് കമ്മീഷന്‍ സെക്രട്ടറിയാണെന്നും ഹൈക്കോടതി ഉത്തരവിന് പിന്നാലെ മുന്‍ അധ്യക്ഷന്‍ ആര്‍വി രാജേഷ് അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് അറിയാന്‍ കഴിഞ്ഞുവെന്നും ചിന്ത ജെറോം പറഞ്ഞു. യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ് അംഗീകരിച്ചുവന്ന തുകയല്ലാതെ നാളിതുവരെ ഒരു രൂപയും താന്‍ കൈപ്പറ്റിയിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.