തന്‍റെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത് പോസ്റ്റുകളുടെ പേരിലല്ലെന്ന് വ്യക്തമാക്കി നടന്‍ കിഷോര്‍. ട്വീറ്റിലെ നിയമലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സംഭവത്തില്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് തെന്നിന്ത്യന്‍ താരം കിഷോര്‍.
ട്വിറ്ററിന്റെ സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട ആവശ്യമില്ലാത്ത തെറ്റിദ്ധാരണകള്‍ ഒഴിവാക്കാനുള്ള വിശദീകരണം എന്നു പറഞ്ഞാണ് കിഷോർ പോസ്റ്റ് പങ്കുവെച്ചത്.
“എന്റെ ഒരു പോസ്റ്റിന്റെ പോലും പേരില്‍ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിട്ടില്ല. ഡിസംബര്‍ 20 ന് ട്വിറ്റര്‍ ഹാക്ക് ചെയ്യപ്പെട്ടു എന്നാണ് എനിക്ക് അറിയാന്‍ സാധിച്ചത്. ട്വിറ്റര്‍ ആവശ്യമായ നടപടികള്‍ എടുക്കും. എല്ലാവരുടെയും കരുതലിന് നന്ദി”- കിഷോര്‍ കുറിച്ചു.
കഴിഞ്ഞ വർഷത്തെ പാന്‍ഇന്ത്യ ഹിറ്റായ കന്നഡ ചിത്രമായ കാന്താരയിലെ ഫോറസ്റ്റ് ഓഫീസർ മുരളീധറിന്‍റെ വേഷം ചെയ്ത കിഷോര്‍ ഏറെ കൈയ്യടി നേടിയിരുന്നു. റിഷഭ് ഷെട്ടി സംവിധാനം ചെയ്ത കാന്താര മലയാളം ഉള്‍പ്പടെയുള്ള ബോക്സ് ഓഫീസുകളില്‍ വന്‍ കളക്ഷന്‍ നേടിയ ചിത്രമാണ്. റിഷഭ് തന്നെയാണ് ചിത്രത്തില്‍ നായകനായി എത്തിയതും. പരാജയങ്ങള്‍ മാത്രം നേരിട്ടുകൊണ്ടിരുന്ന ബോളിവുഡില്‍ അടക്കം മികച്ച പ്രതികരണം നേടാന്‍ കാന്താരയ്ക്ക് സാധിച്ചിരുന്നു.
സാമൂഹിക പ്രശ്‌നങ്ങളില്‍ കൃത്യമായി ഇടപെടുന്ന കലാകാരന്‍ കൂടിയായിരുന്നു കിഷോര്‍. രാജ്യത്തെ കര്‍ഷകര്‍ക്കായി അദ്ദേഹം നിരന്തരം ശബ്ദമുയര്‍ത്തിയിരുന്നു. കിഷോര്‍ കുമാര്‍ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഇപ്പോഴും സജീവമാണ്. ഇൻസ്റ്റാഗ്രാമിൽ 43,000ത്തിലധികം ഫോളോവേഴ്‌സും ഫേസ്ബുക്കിൽ 66,000 ത്തിലധികം ഫോളോവേഴ്‌സും ഇദ്ദേഹത്തിനുണ്ട്.