ന്യൂഡല്‍ഹി: പുതുവത്സര ദിനത്തില്‍ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി അതിദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ മരിച്ച അഞ്ജലി സിംഗിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. അഞ്ജലിയുടെ ശരീരത്തില്‍ 40 ഇടങ്ങളില്‍ മുറിവുകളുണ്ടായിരുന്നുവെന്നും മൃതദേഹത്തിന്റെ തൊലിയുരിഞ്ഞ് വാരിയെല്ലുകള്‍ പുറത്തേയ്ക്ക് തള്ളിയ നിലയിലായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
നട്ടെല്ല് തകര്‍ന്നു. റോഡില്‍ ഉരഞ്ഞ് പെണ്‍കുട്ടിയുടെ ശരീരത്തിന്റെ പുറകുവശത്തെ തൊലി പൂര്‍ണമായി അടര്‍ന്നു. തലയോട്ടി തകര്‍ന്ന് തലച്ചോര്‍ വേര്‍പെട്ട് കാണാതെയായി. ഇരു കാലുകള്‍ക്കും മാരകമായി പരിക്കേറ്റു. അപകടത്തില്‍ പെണ്‍കുട്ടിയുടെ കാലുകള്‍ ആദ്യം കാറിന്റെ ആക്‌സിലിലാണ് കുടുങ്ങിയത്. ഇടത് ടയറിന് സമീപമാണ് തല കുടുങ്ങിയത്. ഇടിയുടെ ആഘാതവും രക്തസ്രാവവുമാണ് മരണകാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, അഞ്ജലി പീഡനത്തിന് ഇരയായിട്ടില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമാക്കുന്നു.
ഞായറാഴ്ച രാവിലെ ഔട്ടര്‍ ഡല്‍ഹിയില്‍ സുല്‍ത്താന്‍പുരിയിലെ കാഞ്ചവാലയിലാണ് അഞ്ജലിയുടെ മൃതദേഹം കണ്ടെത്തിയത്. വസ്ത്രമെല്ലാം കീറിപ്പറിഞ്ഞ നിലയിലായിരുന്നു. കേസില്‍ കാര്‍ ഓടിച്ചിരുന്ന ദീപക് ഖന്ന (26), ഒപ്പമുണ്ടായിരുന്ന അമിത് ഖന്ന (25), കൃഷ്ണന്‍ (27), മിഥുന്‍ (26), മനോജ് മിത്തല്‍ എന്നിവരാണ് പിടിയിലായത്.