സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കോട്ടയത്ത് അൽഫാം കഴിച്ച യുവതി മരിച്ച സംഭവത്തിന് പിന്നാലെ ഇന്നലെ വ്യാപകമായ പരിശോധനയാണ് സംസ്ഥാനത്ത് നടന്നത്. 429 സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി.
വൃത്തിഹീനമായി പ്രവർത്തിച്ച 22 സ്ഥാപനങ്ങളുടേയും ലൈസൻസ് ഇല്ലാതിരുന്ന 21 സ്ഥാപനങ്ങളുടേയും ഉൾപ്പെടെ 43 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തി വയ്പ്പിച്ചു. 138 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 44 സാമ്പിളുകൾ പരിശോധനയ്ക്കയ്ക്കും അയച്ചിട്ടുണ്ട്. ഈ പരിശോധനകൾ ഇന്നും തുടരും. വീഴ്ച കണ്ടെത്തിയാൽ ശക്തമായ നടപടി സ്വീകരിക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.