കൊച്ചി : എറണാകുളം അയ്യമ്പുഴയിൽ മണ്ണുകടത്തുകാരിൽ നിന്നും കൈക്കൂലി വാങ്ങിയ ഗ്രേഡ് എസ് ഐ ബൈജു കുട്ടന് സസ്പെൻഷൻ. അന്വേഷണ വിധേയമായാണ് സസ്പെൻഷൻ. മണ്ണുകടത്ത് സംഘങ്ങളിൽ നിന്ന് കൈകൂലി വാങ്ങുന്ന ദൃശ്യം പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി.
സംഭവ സമയത്ത് ബൈജു കുട്ടന് ഒപ്പം ഉണ്ടായിരുന്നവർക്കെതിരെയും അന്വേഷണമുണ്ടാകും. ഇതിനായി എറണാകുളം റേഞ്ച് ഡിഐജി നാളെ ഉത്തരവ് ഇറക്കും. ഇവരെ നിലവിൽ കളമശ്ശേരി എആർ ക്യാമ്പിലേക്ക് സ്ഥലം മാറ്റി.
കഴിഞ്ഞ ദിവസമാണ് എറണാകുളം അയ്യന്പുഴയിൽ അനധികൃതമായി മണ്ണുകടത്തുന്ന ലോറികളിൽ നിന്ന് ഗ്രേഡ് എസ് ഐ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. 500 രൂപ നൽകിയപ്പോൾ ഈ പണം എങ്ങനെ പങ്കുവയ്ക്കുമെന്നു പറഞ്ഞു തിരികെ കൊടുക്കാനൊരുങ്ങുന്ന എഎസ്ഐയ്ക്കു 500 രൂപ കൂടി മണ്ണു കടത്തുകാരൻ നൽകുന്നതും ദൃശ്യങ്ങളിലുണ്ട്. കൈക്കൂലി കൊടുക്കുന്ന ആൾ തന്നെ ദൃശ്യങ്ങൾ എടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതായാണു സൂചന.
കഴിഞ്ഞ മാർച്ചിലാണു സംഭവം നടന്നതെന്നാണു പ്രാഥമിക നിഗമനം. വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസമാണു പുറത്തുവിട്ടത്. ബൈജു കുട്ടനു മാർച്ചിൽ കാലടിയിൽ കൺട്രോൾ റൂം വെഹിക്കിൾ ഡ്യൂട്ടി ഉണ്ടായിരുന്നു. ഈ സമയത്തു കൊറ്റമം സ്വദേശിയായ മണ്ണു കടത്തുകാരന്റെ ലോറി കടത്തി വിടുന്നതിനാണ് കൈക്കൂലി വാങ്ങിയതെന്നാണു വിവരം. വിഡിയോ ചിത്രീകരിച്ച ഉടനെ പുറത്തുവിടാതെ മാസങ്ങൾക്കു ശേഷം പ്രചരിപ്പിക്കാനുണ്ടായ കാരണവും അന്വേഷിക്കുന്നുണ്ട്.