ന്യൂഡല്‍ഹി: സിനിമ തിയ്യറ്ററുകൾക്കുള്ളിൽ പുറത്ത് നിന്നുള്ള ഭക്ഷണവും, പാനീയങ്ങളും ഉപയോഗിക്കുന്നത് വിലക്കാൻ ഉടമകൾക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി. എന്നാൽ ശുദ്ധമായ കുടിവെള്ളം സൗജന്യമായി നൽകണമെന്നും സുപ്രീം കോടതി നിർദേശിച്ചു. പ്രായമായവർക്കും, മാതാപിതാക്കൾക്കും ഒപ്പം വരുന്ന കുട്ടികൾക്കും കൊണ്ട് വരുന്ന ഭക്ഷണവും, പാനീയങ്ങളും തടയരുതെന്നും സുപ്രീം കോടതി നിർദേശിച്ചു.
സിനിമ തീയറ്ററുകളിലും, മൾട്ടിപ്ളെക്സുകളിലും എത്തുന്നവർക്ക് ഭക്ഷണവും, പാനീയങ്ങളും കൊണ്ട് വരാമെന്നും, അവ തടയരുതെന്നും ജമ്മുകശ്മീർ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന് എതിരെ നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് സുപ്രീം കോടതി ബെഞ്ച് സിനിമ തീയറ്റർ ഉടമകൾക്ക് നിയന്ത്രണം കൊണ്ട് വരാൻ അധികാരമുണ്ടെന്ന് വ്യക്തമാക്കിയത്.
എന്നാല്‍ പുറത്ത് നിന്നുള്ള ഭക്ഷണം തിയറ്ററുകളില്‍ കൊണ്ടുവരാന്‍ അനുവദിച്ച ഹൈക്കോടതിയുടെ നടപടി അധികാര പരിധി കടന്നുള്ളതാണ് എന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഒരു സിനിമ കാണാന്‍ ഏത് തിയറ്റര്‍ തെരഞ്ഞെടുക്കുന്നു എന്നത് പ്രേക്ഷകന്റെ അവകാശവും വിവേചന അധികാരവുമാണ്. അതിനാല്‍ മാനേജ്മെന്റനും നിയമങ്ങള്‍ ഉണ്ടാക്കാനുള്ള അവകാശമുണ്ട് എന്നും സുപ്രീം കോടതി പറഞ്ഞു.
സിനിമ തിയറ്ററുകള്‍ സ്വകാര്യ സ്വത്താണ്. അവിടെ ഭക്ഷണവും പാനീയങ്ങളും വില്‍ക്കുന്നതും ഉപയോഗിക്കുന്നതും സംബന്ധിച്ച നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ തിയറ്റര്‍ ഉടമകള്‍ക്ക് അധികാരമുണ്ടെന്നും കോടതി വിലയിരുത്തി.