ലക്നൗ: രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായ തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇതിനായി കോടിക്കണക്കിന് രൂപ ഉപയോഗിക്കുന്നു. അദാനിയെയും അംബാനിയെയും പോലെയുള്ള വൻകിട വ്യവസായികൾക്ക് മറ്റ് നേതാക്കളെ വിലകൊടുത്തു വാങ്ങാൻ കഴിയുമെന്നും എന്നാൽ തൻ്റെ സഹോദരനെ അതിന് കിട്ടില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
സത്യത്തിന്റെ പാതയാണു രാഹുൽ പിന്തുടരുന്നത്. ഐക്യം, സ്നേഹം, ബഹുമാനം എന്നീ സന്ദേശങ്ങൾ രാജ്യത്തെല്ലായിടത്തും എത്തിക്കുകയാണു ജോഡോ യാത്രയുടെ ലക്ഷ്യം. 9 ദിവസത്തെ ഇടവേളയ്ക്കു ശേഷം പുനഃരാരംഭിച്ച യാത്രയെ ഉത്തർപ്രദേശിലെ ലോണിയിൽ സ്വീകരിച്ച ശേഷമായിരുന്നു പ്രിയങ്കയുടെ വാക്കുകൾ.
‘‘എന്റെ സഹോദരനെപ്പറ്റി വളരെയേറെ അഭിമാനമുണ്ട്. അദ്ദേഹത്തിന്റെ പ്രതിഛായ നശിപ്പിക്കാൻ ആയിരക്കണക്കിനു കോടി രൂപയാണു സർക്കാർ ചെലവഴിച്ചത്. എന്നിട്ടും അദ്ദേഹം പിൻവാങ്ങിയില്ല. അദാനിയും അംബാനിയും നേതാക്കളെ വിലയ്ക്കു വാങ്ങുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളെയും മാധ്യമങ്ങളെയും വാങ്ങുന്നു. പക്ഷേ, എന്റെ സഹോദരനെ അവർക്കു വാങ്ങാനാകില്ല. അതിനൊരിക്കലും സാധിക്കില്ലെന്നതിൽ എനിക്ക് അഭിമാനമുണ്ട്’’– പ്രിയങ്ക പറഞ്ഞു.
അടുത്ത 3 ദിവസം യാത്ര ഉത്തർപ്രദേശിലാണ്. ഇതുവരെ 110 ദിവസം കൊണ്ട് 3,000 കിലോമീറ്റർ ദൂരം വിവിധ സംസ്ഥാനങ്ങളിലൂടെ രാഹുലും കൂട്ടരും സഞ്ചരിച്ചു. 2022 സെപ്റ്റംബർ 7ന് കന്യാകുമാരിയിൽനിന്ന് ആരംഭിച്ച യാത്ര, തമിഴ്നാട്, കേരളം, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മധ്യപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോയി. ജമ്മു കശ്മീരിലാണു സമാപനം നിശ്ചയിച്ചിട്ടുള്ളത്.