ന്യൂഡൽഹി: കാഞ്ചവാലയിൽ കാറിടിച്ചു കൊല്ലപ്പെട്ട യുവതി പീഡനത്തിന് ഇരയായിട്ടില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മരിച്ച അമൻ വിഹാർ സ്വദേശി അഞ്ജലി സിങ്ങിന്റെ സ്വകാര്യ ഭാഗങ്ങളിൽ മുറിവുകളില്ലെന്നു റിപ്പോർട്ടിൽ പറയുന്നു. മൗലാന ആസാദ് മെഡിക്കൽ കോളജിലെ മെഡിക്കൽ ബോർഡാണ് അഞ്ജലിയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയത്. റിപ്പോർട്ട് ഉടൻ പൊലീസിനു കൈമാറുമെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.
ഡൽഹിയിലെ സുല്‍ത്താന്‍പുരിലെ കാഞ്ചവാലയിലാണ് അപകടം നടന്നത്. അഞ്ജലി സിംഗ് എന്ന 20കാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിന് മുൻപ് നിധി എന്ന സുഹൃത്തുമായി ഒരു ഹോട്ടലിലെത്തിയ അഞ്ജലി ഇവരുമായി വഴക്കിട്ടിരുന്നു. ഇവർ എത്തിയ ഹോട്ടലിന്റെ മാനേജരുടേതാണ് മൊഴി.
വഴക്കുണ്ടായതിനെ തുടർന്ന് ഹോട്ടൽ അധികൃതർ ഇരുവരെയും പുറത്താക്കി. ശേഷം സ്കൂട്ടറിൽ കയറി യുവതികൾ പോവുകയായിരുന്നു. എന്നാൽ വഴിയിൽ വച്ച് സ്കൂട്ടർ അപകടത്തിൽ പെട്ടു. അപകടത്തിൽ നിസാര പരിക്കേറ്റ നിധി സ്ഥലത്ത് നിന്നും കടന്നുകളഞ്ഞു.
അപകടത്തെ തുടർന്ന് കാറിൽ കുടുങ്ങിയ അഞ്ജലിയെ 12 കിലോമീറ്ററോളം വലിച്ചിഴച്ചു. അഞ്ജലിയുടെ കാല് കാറിന്റെ ആക്സിലില്‍ കുടുങ്ങിയതാണ് റോഡിലൂടെ വലിച്ചിഴയ്ക്കാന്‍ കാരണമായതെന്ന് പോലീസ് പറഞ്ഞു.
തുടർന്ന് ഞായറാഴ്ച രാവിലെ ഔട്ടർ ഡൽഹിയിലെ സുൽത്താൻപുരിലെ കാഞ്ചവാലയിലാണ് വസ്ത്രമെല്ലാം കീറിപ്പറിഞ്ഞ നിലയിൽ അഞ്ജലിയുടെ മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിന് പിന്നാലെ കാർ ഓടിച്ചിരുന്ന ദീപക് ഖന്ന (26), ഒപ്പമുണ്ടായിരുന്ന അമിത് ഖന്ന (25), കൃഷ്ണൻ (27), മിഥുൻ (26), മനോജ് മിത്തൽ (27) എന്നിവരെ പോലീസ് പിടികൂടി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്.
അറസ്റ്റിലായ 5 പ്രതികള്‍ക്കെതിരെ ബലാത്സംഗക്കുറ്റമുള്‍പ്പെടെ ചുമത്തണമെന്നും ഇല്ലെങ്കില്‍ മൃതദേഹം സംസ്കരിക്കില്ലെന്നും അഞ്ജലിയുടെ കുടുംബം വ്യക്തമാക്കിയിരുന്നു.