തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡയാലിസിസ് രോഗിയെ എലി കടിച്ചതിൽ അന്വേഷണം. വിഷയത്തില്‍ മെഡിക്കൽ കോളേജ് സൂപ്രണ്ട് വിശദീകരണം തേടി. ഐസിയു ഒബ്സര്‍വേഷനിലായിരുന്ന പൗഡീക്കോണം സ്വദേശി ഗിരിജാ കുമാരിയുടെ കാലിലാണ് എലി കടിച്ചത്.
അബോധാസ്ഥയിലാണ് ഗിരിജാ കുമാരിയെ ആശുപത്രിയിലെത്തിച്ചതെന്ന് മകൾ രശ്മി പറഞ്ഞു. പിന്നീട് മരുന്ന് നൽകിയതിനെ തുടർന്ന് ബോധം വന്നു. തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലിരുന്ന ഇവർ കാലിൽ വേദനയുണ്ടെന്ന് പറഞ്ഞതിനെ തുടർന്ന് നോക്കിയപ്പോൾ കാലിൽ എലി കടിച്ചുകൊണ്ടിരിക്കുന്നതാണ് ശ്രദ്ധയിൽപ്പെട്ടതെന്നും രശ്മി പറഞ്ഞു.
ഇത് ഡോക്ടറോട് പറഞ്ഞപ്പോൾ ഒരു പതിവ് കാര്യമെന്ന രീതിയിലാണ് പ്രതികരിച്ചത്. പോയി വാക്സിനെടുക്കാൻ പറഞ്ഞു. ആരും സഹായത്തിനെത്തിയില്ല, താനൊറ്റക്കാണ് അമ്മയെ വീൽചെയറിൽ ഇരുത്തി കൊണ്ടുപോയതെന്നും മുറിവിൽനിന്ന് രക്തമൊലിച്ചിട്ടും അത് ഡ്രസ് ചെയ്യാൻ പോലും ഡോക്ടർമാർ തയ്യാറായില്ലെന്നും രശ്മി പറഞ്ഞു.