കോട്ടയം : ഭക്ഷ്യവിഷബാധയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. കോട്ടയം കിളിരൂർ സ്വദേശിനി രശ്മി (33) ആണ് മരിച്ചത്. രണ്ട് ദിവസം മുൻപാണ് രശ്മിക്ക് ഭക്ഷ്യവിഷ ബാധ ഏറ്റത്.
ഭക്ഷ്യ വിഷബാധയെ തുടർന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം രണ്ടു ദിവസം മുമ്പ് അടച്ചുപൂട്ടിയ സംക്രാന്തിയിലെ ഹോട്ടൽ പാർക്കിൽ നിന്ന് രശ്മി ഭക്ഷണം കഴിച്ചിരുന്നെന്നാണ് സംശയം. അല്‍ഫാം ആണ് ഇവര്‍ വാങ്ങി കഴിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഭക്ഷണം കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകളുണ്ടായ രശ്മിയെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യ നില വീണ്ടും മോശമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റി.
പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ എന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോ വിഭാഗം നഴ്സ് ആയിരുന്നു രശ്മി. ഭക്ഷ്യ വിഷബാധയെ തുടര്‍ന്നുള്ള ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഡിസംബര്‍ 31 മുതല്‍ ചികിത്സയിലായിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ ഈ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച പതിനഞ്ചിലേറെ പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. പരാതിയെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാവിഭാഗം ഈ ഹോട്ടല്‍ അടച്ചുപൂട്ടുകയും ചെയ്തിരുന്നു.