ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനം ശരിവെച്ച് സുപ്രീംകോടതി. അഞ്ചംഗ ബെഞ്ചില്‍ നാല് പേരും നടപടി ശരിവെച്ചു. ഭൂരിപക്ഷ വിധി ജസ്റ്റിസ് ബിആര്‍ ഗവായ് വായിച്ചു. എന്നാല്‍ ജസ്റ്റിസ് ബിവി നാഗരത്‌ന നോട്ട് നിരോധനത്തെ എതിര്‍ത്തു. ജസ്റ്റിസുമാരായ എസ് അബ്ദുള്‍ നസീര്‍, ബിആര്‍ ഗവായ്, എഎസ് ബൊപ്പണ്ണ, വി രാമസുബ്രഹ്‌മണ്യന്‍, ബിവി നാഗരത്ന എന്നിവര്‍ ഉള്‍പ്പെട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
നോട്ട് നിരോധനത്തില്‍ കേന്ദ്ര സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന് ജസ്റ്റിസ് ബിആര്‍ ഗവായ് ഭൂരിപക്ഷ വിധിയില്‍ വ്യക്തമാക്കി. കേന്ദ്രത്തിന്റെ നടപടിയില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് പറയാനാവില്ലെന്നും ഗവായ് പറഞ്ഞു. ലക്ഷ്യം നേടിയോയെന്ന ചോദ്യം പ്രസക്തമല്ല.
രേഖകള്‍ വ്യക്തമാക്കുന്നത് മതിയായ കൂടിയാലോചനകള്‍ നടത്തിയെന്നാണ്. ആവശ്യമെങ്കില്‍ റെഗുലേറ്ററി ബോര്‍ഡുമായി കൂടിയാലോചിച്ച ശേഷം സര്‍ക്കാരിന് തീരുമാനമെടുക്കാം. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചു എന്നത് കൊണ്ടു മാത്രം നടപടി തെറ്റിദ്ധരിക്കാനാവില്ലെന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു.
അതേസമയം, നടപടിക്രമങ്ങള്‍ പൂര്‍ണ്ണമായി പാലിക്കപ്പെട്ടുവെന്ന വിധിയോട് യോജിക്കാനാവില്ലെന്ന് ജസ്റ്റിസ് ബിവി നാഗരത്‌നം വ്യക്തമാക്കി. ഗസറ്റ് നോട്ടിഫിക്കേഷനടക്കമുള്ള നടപടിക്രമങ്ങള്‍ പാലിക്കേണ്ടിയിരുന്നു. ആര്‍ബിഐയുടെ ബോര്‍ഡില്‍ ഏകാഭിപ്രായമായിരുന്നോ? തീരുമാനത്തിനെതിരെ എതിര്‍പ്പ് ഉയര്‍ന്നിരുന്നോ? പാര്‍ലമെന്റ് മുഖേനയുള്ള നിയമനിര്‍മ്മാണം വേണ്ടിയിരുന്നു. പാര്‍ലമെന്റിനെ ഒഴിച്ച് നിര്‍ത്തിയുള്ള നടപടി ആശാസ്യമല്ല. ഒറ്റ ദിവസം കൊണ്ട് ശുപാര്‍ശ ലഭിച്ചുവെന്നാണ് മനസിലാക്കുന്നത്. എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ നിരോധനം നടപ്പാക്കാനാവില്ലെന്നും ജസ്റ്റിസ് ബിവി നാഗരത്‌നത്തിന്റെ ന്യൂനപക്ഷ വിധിയില്‍ പറയുന്നു.
2016 നവംബര്‍ എട്ടിന് രാത്രി എട്ട് മണിക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി 500,1000 രൂപ നോട്ടുകള്‍ നിരോധിച്ചതായി പ്രഖ്യാപിച്ചത്.