ന്യൂ ഡല്‍ഹി: ജമ്മു കശ്മീരിലെ രജൗരി സെക്ടറിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി. കഴിഞ്ഞദിവസം വൈകിട്ടാണ് ഡാംഗ്രി മേഖലയിലാണ് ആക്രമണമുണ്ടായത്. അപ്പർ ധാൻഗ്രിയിലെ ഹയർസെക്കൻഡറി സ്കൂളിനു സമീപമുള്ള മൂന്നു വീടുകൾക്ക് നേരെ വെടിവയ്പുണ്ടാകുകയായിരുന്നു.
തോക്കുമായെത്തിയ രണ്ട് തീവ്രവാദികളാണ് ആക്രമണം നടത്തിയത്. ഭീകരരുടെ ആക്രമണത്തില്‍ ഇന്നലെ തന്നെ മൂന്ന് പേര് കൊല്ലപ്പെട്ടിരുന്നു. പത്തോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമായിരുന്നു. ഇവരിലൊരാളാണ് ഇന്ന് രാവിലെ മരിച്ചത്. പരിക്കേറ്റ മറ്റുള്ളവരെ വിദഗ്ധ ചികിത്സയ്ക്കാണ് രജൗരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജില്ലയില്‍ കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. ഡിസംബര്‍ 16ന് നടന്ന ആക്രമണത്തില്‍ രണ്ട് സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു.