ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ പ്ലാസ്റ്റിക്ക് സര്‍ജറിക്ക് വിധേയനാക്കി. താരം ഡെറാഡൂൺ മാക്സ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. മുഖത്തും ശരീരത്തിന്റെ പുറംഭാഗത്തും ഉണ്ടായ മുറിവുകളും പോറലുകളും പരിഹരിക്കാനാണ് താരത്തെ പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കിയത്.
അപകടത്തില്‍ താരത്തിന്റെ നെറ്റിയില്‍ രണ്ട് മുറിവുകളുണ്ടായിരുന്നു. ഇതോടൊപ്പം താരത്തിന്റെ വലത് കൈത്തണ്ട, കണങ്കാല്‍, കാല്‍വിരല്‍ എന്നീ ഇടങ്ങളിലും പരിക്കുണ്ട്.
താരത്തിന്റെ ലിഗമെന്റ് ഇൻജുറിയും ഡോക്ടർമാർ വിലയിരുത്തുന്നുണ്ട്. അതേസമയം ആരോഗ്യ നിലയിൽ തൃപ്തി അറിയിച്ച് ആശുപത്രി അധികൃതര്‍ മെഡിക്കൽ ബുള്ളറ്റിന്‍ പുറത്തിറക്കി.
പന്തിന്റെ പരുക്കു മാറാൻ കുറഞ്ഞതു മൂന്നു മുതൽ ആറു മാസം വരെ സമയമെടുക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞു. ലിഗമെന്റ് ഇൻജറി മാറാൻ മൂന്നു മുതല്‍ ആറു മാസം വരെ വേണ്ടിവരുമെന്ന് ഋഷികേശ് എയിംസിലെ ഡോക്ടറായ ക്വമർ അസം വ്യക്തമാക്കി. പരുക്കിന്റെ തീവ്രത കൂടുതലാണെങ്കിൽ സമയവും കൂടുമെന്നും പൂർണമായ റിപ്പോർട്ടുകൾ ലഭിച്ച ശേഷം മാത്രമേ കൃത്യമായ സമയം പറയാൻ സാധിക്കുകയുള്ളൂവെന്നും ക്വമർ അസം വ്യക്തമാക്കി.
ഋഷഭ് പന്തിന് ഐപിഎൽ സീസൺ നഷ്ടമാകുമോയെന്ന കാര്യത്തിൽ ഇതുവരെ കൃത്യമായ വിവരം പുറത്തുവന്നിട്ടില്ല. അടുത്ത വർഷം മാർച്ച് 25നാണ് ഐപിഎല്ലിന്റെ 16–ാമത് സീസണ് തുടക്കമാകുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ ക്യാപ്റ്റനാണ് ഋഷഭ് പന്ത്. അത്യാവശ്യമെങ്കിൽ പന്തിനെ ഡൽഹിയിലേക്കു കൊണ്ടുപോകുമെന്ന് ഡൽഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കി.
പന്തിന്റെ ആരോഗ്യ നിലയിൽ ഡോക്ടർമാർ സംതൃപ്തി അറിയിച്ചിട്ടുണ്ടെങ്കിലും താരത്തിന് നീണ്ട കാലത്തെ ചികിത്സകൾ വേണ്ടിവരുമെന്നു ഒരു സ്പോർട്സ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. പന്തിന്റെ പരിശീലകനായിരുന്ന ദേവേന്ദ്ര ശർമയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഡല്‍ഹി-ഡെറാഡൂണ്‍ ഹൈവേയില്‍ ഡെറാഡൂണില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെ നര്‍സനില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. പന്തിന്റെ വാഹനം ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിച്ചതിനു ശേഷം കാർ കത്തിനശിച്ചു. വാഹനത്തിന്റെ ഗ്ലാസ് തകർത്താണ് ഋഷഭ് പന്ത് പുറത്തിറങ്ങിയത്.