തിരുവനന്തപുരം: സജി ചെറിയാന്റെ സത്യപ്രതിജ്ഞാ ദിനം കോണ്‍ഗ്രസ് കരിദിനമായി ആചരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. ഭരണഘടനാവിരുദ്ധ പരാമർശം നടത്തിയ സജിക്കെതിരായ കേസ് അവസാനിപ്പിച്ചതിനെതിരെ നിയമനടപടികൾ ആലോചിക്കുമെന്നും യുഡിഎഫ് അറിയിച്ചു.
സജി ചെറിയാന്റെ വിവാദ പരാമര്‍ശം മാധ്യമങ്ങളടക്കം നല്കി. ആര്‍ക്കും അതില്‍ എതിരഭിപ്രായമില്ല. സിപിഐഎമ്മിന് മാത്രമാണ് അംഗീകരിക്കാനാകാത്തത്. സത്യപ്രതിജ്ഞാ ലംഘനം നടത്തിയിട്ടില്ലെങ്കില്‍ പിന്നെ എന്തിനാണ് സജി ചെറിയാനെ മാറ്റിനിര്‍ത്തിയതെന്ന് കെ സുധാകരന് ചോദിച്ചു.
സിപിഐഎം ഇതിന് മറുപടി പറയണം. ഒരു സുപ്രഭാതത്തില്‍ ആ തീരുമാനം എങ്ങനെ മാറിയെന്ന് കെപിസിസി പ്രസിഡന്റ് ചോദിച്ചു.
2023 ജനുവരി നാലിന് സജി ചെറിയാൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. നേരത്തെ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ തന്നെയാകും അദ്ദേഹത്തിനു നല്‍കുകയെന്നാണ് വിവരം.
കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റാണ് സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചത്. നിയമസഭാ സമ്മേളനത്തിന് മുന്‍പ് സത്യപ്രതിജ്ഞ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗവര്‍ണറുടെ സൗകര്യം നോക്കി തീയതി നിശ്ചയിക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.