ഇടക്കാല ജാമ്യത്തിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്ന് ഉമർ ഖാലിദ് ഡൽഹിയിലെ തിഹാർ ജയിലിലേക്ക് മടങ്ങി. വടക്കുകിഴക്കൻ ഡൽഹിയിൽ 2020ൽ നടന്ന കലാപക്കേസിലെ പ്രതിയായ ആക്‌ടിവിസ്‌റ്റും ജെഎൻയു മുൻ വിദ്യാർത്ഥിയുമായ ഉമർ ഖാലിദിനു സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഉമർ ഖാലിദിന് ഇടക്കാല ജാമ്യം നൽകിയത്.
ഡിസംബർ 23ന് ഡൽഹി കോടതിയുടെ ഉത്തരവ് പ്രകാരം ഏഴ് ദിവസത്തേക്ക് ഖാലിദിനെ ജയിൽ മോചിതനാക്കിയിരുന്നു. ഡിസംബർ 30ന് കീഴടങ്ങാൻ കോടതി ഉത്തരവിടുകയും ചെയ്‌തിരുന്നു. ഉമർ ഖാലിദിന്റെ പിതാവ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുത്ത ശേഷം മകൻ ജയിലിലേക്ക് മടങ്ങിയെന്ന് അദ്ദേഹം അറിയിച്ചു.മാധ്യമങ്ങളുമായി സംവദിക്കുകയോ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് ഉമർ ഖാലിദിനോട് കോടതി വിലക്കിയിരുന്നു