ജനീവ: ചൈനയുൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ കോവിഡ് നിരക്കുകൾ വീണ്ടും കുത്തനെ ഉയരുകയാണെന്നും അതില്‍ ആശങ്കയുണ്ടെന്നും ലോകാരോഗ്യസംഘടന ഡയറക്ടർ ജനറലായ ടെഡ്രോസ് അഥനോം ഗെബ്രിയേസുസ്. ചൈനയിലെ ആരോഗ്യസംവിധാനത്തിന് ആവശ്യമായ സംരക്ഷണവും പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ചൈനയിൽ നിന്നുള്ള യാത്രികർക്ക് നിരവധി രാജ്യങ്ങൾ യാത്രാവിലക്ക് ഏർപ്പെടുത്തിയതിനെക്കുറിച്ചും ലോകാരോഗ്യസംഘടന പരാമർശിച്ചു. വ്യാപനത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭ്യമാകാത്ത സാഹചര്യത്തിൽ രാജ്യങ്ങൾ തങ്ങളുടെ ജനങ്ങളെ സംരക്ഷിക്കുന്ന തരത്തിലുള്ള
നടപടികൾ കൈക്കൊള്ളുന്നത് മനസ്സിലാക്കാനാകുമെന്നാണ് ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് പറഞ്ഞത്.
കോവിഡിന്റെ ആവിർഭാവത്തെക്കുറിച്ചും മറ്റുമുള്ള ഡാറ്റകൾ കൈമാറാനും പഠനങ്ങൾ നടത്താനും ചൈനയോട് തുടർച്ചയായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് സൃഷ്ടിച്ച ഇടവേളയ്ക്കുശേഷം, ജനുവരി എട്ടു മുതൽ വിനോദസഞ്ചാരികൾക്കായി പാസ്പോർട്ട് അനുവദിക്കുമെന്നാണ് ചൈന വ്യക്തമാക്കിയത്. മൂന്നു വർഷത്തോളമായി രാജ്യത്ത് നിലനിൽക്കുന്ന ശക്തമായ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു നൽകാൻ തീരുമാനിച്ചതിന്റെ ഭാഗമാണിത്.
2020-ന്റെ തുടക്കത്തിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ ചൈനയിൽ തുടങ്ങിയ നിയന്ത്രണങ്ങൾ സമീപകാലംവരെ വിട്ടുവീഴ്ചയില്ലാതെ തുടരുകയായിരുന്നു. എന്നാൽ, സീറോ കോവിഡ് നയത്തിനെതിരേ രാജ്യവ്യാപക പ്രതിഷേധമുയർന്നതിനെത്തുടർന്നാണ് ഈയടുത്ത് ഇളവു നൽകിത്തുടങ്ങിയത്. അതോടെ കോവിഡ് രോഗികളുടെ എണ്ണം വൻതോതിൽ കൂടുകയും ചെയ്തു.