തിരുവനന്തപുരം: ദേശീയ ദുരന്തനിവാരണസേന നടത്തിയ മോക്ഡ്രില്ലിനിടെ കല്ലൂപ്പാറ സ്വദേശി ബിനു സോമൻ മരിച്ച സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. ചീഫ് സെക്രട്ടറിക്കാണ് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയത്.
സംഭവത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം പത്തനംതിട്ട കലക്ടർ കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് വകുപ്പുതല അന്വേഷണം നടത്താൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്.
കല്ലൂപ്പാറ സ്വദേശി ബിനു സോമന്‍ ആണ് മരിച്ചത്. സംഭവത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം പത്തനംതിട്ട കളക്ടര്‍ കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് വകുപ്പ് തല അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്.
ഇന്നലെയാണ് പത്തനംതിട്ട വെണ്ണിക്കുളം പടുതോട് പാലത്തിന് സമീപം മോക്ഡ്രില്‍ നടത്തുന്നതിനിടെ കല്ലൂപ്പാറ പാലത്തിങ്കല്‍ സ്വദേശി ബിനു സോമന്‍ മുങ്ങി മരിച്ചത്. മല്ലപ്പള്ളി തഹസിൽദാർക്ക് ചുമതലയുണ്ടായിരുന്ന പരിപാടിയിൽ പഞ്ചായത്ത് മെമ്പര്‍മാരുടെ നിർദേശ പ്രകാരമാണ് ബിനു സോമൻ അടക്കം നാല് പേർ വെള്ളത്തിലിറങ്ങിയത്. എൻഡിആർഎഫ് ഉദ്യോഗസ്ഥരുടേയും ഫയർഫോഴ്സുകാരുടെയും കൺമുന്നിൽ വച്ചാണ് ബിനു സോമൻ മുങ്ങി താഴ്ന്നത്. 20 മിനിറ്റിൽ അധികമാണ് ബിനു വെള്ളത്തിൽ കിടന്നത്. ബിനുവിനെ കരയ്ക്ക് എത്തിക്കാന്‍ ഉപയോഗിച്ച ഡിങ്കി ബോട്ടിന്‍റെ മോട്ടോർ എഞ്ചിൻ കൃത്യ സമയത്ത് പ്രവർത്തിച്ചില്ല. പലതവണ എഞ്ചിൻ ഓഫ് ആയി പോയി. നാട്ടുകാർ ബോട്ടിൽ കയർ കെട്ടി വലിച്ചാണ് കരക്കടുപ്പിച്ചത്.
ഉടന്‍ തന്നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും വ്യാഴാഴ്ച വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു.
കോട്ടയം മെഡിക്കൽ കോളജിൽ നടന്ന പോസ്റ്റ് മോർട്ടത്തിൽ ബിനുവിന്റേത് മുങ്ങിമരണമാണന്ന് സ്ഥിരീകരിക്കുകയായിരുന്നു. ശ്വാസകോശത്തിനുള്ളിൽ നിന്ന് മണൽതരികളുടെയും വെള്ളത്തിന്റെയും അംശങ്ങൾ കണ്ടെടുത്തതായും പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.