ന്യൂ ഡല്‍ഹി: കര്‍ണാടകയിലെ ശിവമോഗയില്‍ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് ബിജെപി എംപി പ്രഗ്യാ താക്കൂറിനെതിരെ പൊലീസ് കേസെടുത്തു. ശിവമോഗ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എച്ച്എസ് സുന്ദരേഷിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
ഭോപ്പാല്‍ എംപിക്കെതിരെ 153 എ, 153 ബി, 268, 295 എ, 298, 504, 508 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, ഹിന്ദു ജാഗരണ വേദികെയുടെ ദക്ഷിണമേഖലാ വാര്‍ഷിക കണ്‍വെന്‍ഷനില്‍ സംസാരിക്കവേയാണ് പ്രഗ്യാ സിംഗ് വിവാദ പരാമര്‍ശം നടത്തിയത്.
അന്തസ്സിനെ ചോദ്യം ചെയ്യുന്നവര്‍ക്കെതിരെ പ്രതികരിക്കാന്‍ ഹിന്ദുക്കള്‍ക്ക് അവകാശമുണ്ടെന്നും എല്ലാവരും ആയുധം മൂര്‍ച്ച കൂട്ടിയിരിക്കണമെന്നും പ്രഗ്യാ ഠാക്കൂര്‍ ചടങ്ങില്‍ പറഞ്ഞിരുന്നു. വീടുകളില്‍ ആയുധങ്ങള്‍ സൂക്ഷിക്കുക. ഒന്നുമില്ലെങ്കിലും, പച്ചക്കറികള്‍ മുറിക്കാന്‍ ഉപയോഗിച്ചിരുന്ന കത്തികളെങ്കിലും മൂര്‍ച്ചയുള്ളതാക്കുക. എപ്പോള്‍ എന്ത് സാഹചര്യമുണ്ടാകുമെന്ന് അറിയില്ല. സ്വയരക്ഷയ്ക്ക് എല്ലാവര്‍ക്കും അവകാശമുണ്ട്. ആരെങ്കിലും നമ്മുടെ വീട്ടിലേക്ക് നുഴഞ്ഞുകയറിയാല്‍ ഉചിതമായ മറുപടി നല്‍കേണ്ടത് അവകാശമാണെന്നും പ്രഗ്യാ സിംഗ് താക്കൂര്‍ പറഞ്ഞു.