ന്യൂ ഡല്‍ഹി: എല്‍ഡിഎഫ് കണ്‍വീനറും മുതിര്‍ന്ന സിപിഎം നേതാവുമായ ഇപി ജയരാജനെതിരായ പരാതി സിപിഎം പൊളിറ്റ്ബ്യൂറോയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. കേരളത്തിലെ വിഷയങ്ങള്‍ സംസ്ഥാന നേതൃത്വം കൈകാര്യം ചെയ്യുമെന്ന് അദ്ദേഹം വിശദീകരിച്ചു. കേരളവുമായി ബന്ധപ്പെട്ട് ഗവര്‍ണറുടെ വിഷയമാണ് പിബിയുടെ ചര്‍ച്ചയില്‍ വന്നത്.
തെറ്റ് തിരുത്തല്‍ രേഖ അടുത്ത മാസം കേന്ദ്ര കമ്മറ്റി ചര്‍ച്ച ചെയ്യും. ത്രിപുരയില്‍ ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കുകയെന്നതാണ് സിപിഎമ്മിന്റെ ലക്ഷ്യം. സഖ്യം സംബന്ധിച്ച ചര്‍ച്ചയും സ്ഥാനാര്‍ഥി നിര്‍ണയവും അടുത്ത മാസം 9നു സംസ്ഥാന കമ്മറ്റിയില്‍ നടക്കുമെന്നും യെച്ചൂരി അറിയിച്ചു.
അതേസമയം, അനധികൃതമായി സ്വത്ത് സമ്പാദിച്ച് കണ്ണൂരില്‍ റിസോര്‍ട്ടും ആയുര്‍വേദ സ്ഥാപനവും പടുത്തുയര്‍ത്തിയെന്നാണ് ഇപി ജയരാജനെതിരെയുള്ള പ്രധാന ആരോപണം. ആയുര്‍വേദ റിസോര്‍ട്ടിന്റെ മറവില്‍ അനധികൃതമായി 30 കോടി സമ്പാദിച്ചുവെന്നും ഇ.പിയുടെ മകനും ഭാര്യയും റിസോര്‍ട്ടിന്റെ നടത്തിപ്പുകാരാണെന്നും പി ജയരാജന്‍ ആരോപിച്ചിരുന്നു.
ആരോപണം ഉന്നയിക്കുന്നത് ആധികാരികതയോടെയാണെന്നും ഇപി ജയരാജനെതിരെ അന്വേഷണവും നടപടിയും വേണമെന്നും പി.ജയരാജന്‍ സംസ്ഥാന സമിതിയില്‍ ആവശ്യപ്പെട്ടിരുന്നു.