ന്യൂ ഡല്‍ഹി: സോളാര്‍ പീഡന കേസില്‍ കോണ്‍ഗ്രസ് നേതാക്കളെ കുറ്റവിമുക്തരാക്കിയ സിബിഐ നടപടിയെകുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹിയില്‍ സിപിഎം പിബി യോഗത്തിന് എത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയോട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. സോളാര്‍ കേസില്‍ സിബിഐ ക്ലീന്‍ ചീറ്റ് നല്‍കിയ നടപടി തിരിച്ചടിയാണോ എന്ന ചോദ്യത്തിന്, പറയാനുണ്ടെങ്കില്‍ പറയും നിങ്ങള്‍ക്കാവശ്യമുള്ളത് പറയിപ്പിക്കാമെന്ന് കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, സോളാര്‍ പീഡന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും എപി അബ്ദുള്ളക്കുട്ടിക്കും സിബിഐയുടെ ക്ലീന്‍ ചീറ്റ്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചു.
ഉമ്മന്‍ ചാണ്ടിക്കെതിരായ ആരോപണത്തില്‍ തെളിവില്ലെന്നും പരാതിക്കാരിയുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും സി ബി ഐയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതോടെ കേസിലെ എല്ലാ പ്രതികളെയും സിബിഐ കുറ്റവിമുക്തരാക്കിയിരിക്കുകയാണ്. കേസില്‍ നേരത്തെ ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എപി അനില്‍കുമാര്‍, കെസി വേണുഗോപാല്‍ എന്നിവര്‍ക്കും സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.
അതേസമയം, സോളാര്‍ പീഡന കേസുമായി ബന്ധപ്പെട്ട് ആറ് കേസുകളായിരുന്നു സിബിഐ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ വച്ച് പരാതിക്കാരിയെ പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം. എന്നാല്‍ ഇത് വസ്തുതകളില്ലാത്ത ആരോപണമാണെന്ന് സിബിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം,
അബ്ദുള്ളക്കുട്ടി തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ആരോപണത്തില്‍ തെളിവുകളില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചു.