സുശാന്ത് സിങ് രജ്‍പുതിനെ കൊലപ്പെടുത്തിയത് തന്നെയെന്ന വെളിപ്പെടുത്തലുമായി ആശുപത്രി ജീവനക്കാരൻ. സുശാന്തിന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയ മുംബൈ കൂപ്പർ ഹോസ്പിറ്റലിലെ ടീം അംഗമായിരുന്ന ജീവനക്കാരനാണ് അവകാശവാദവുമായി രംഗത്തെത്തിയത്. നടനെ തന്റെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത ഇപ്പോഴും ബാക്കി നിൽക്കെയാണ് ആശുപത്രി ജീവനക്കാരന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.
‘‘സുശാന്ത് സിങ് മരിച്ചപ്പോൾ പോസ്റ്റ്മോർട്ടത്തിനായി കൂപ്പർ ആശുപത്രിയിൽ അഞ്ച് മൃതദേഹങ്ങളാണ് ലഭിച്ചത്. അതിൽ ഒന്ന് ഒരു വിഐപിയുടെ മൃതദേഹമായിരുന്നു. സുശാന്തിന്റേതാണെന്ന് പിന്നീട് മനസ്സിലായി. ശരീരത്തിൽ നിരവധി പാടുകൾ ഉണ്ടായിരുന്നു. കഴുത്തിലും രണ്ടു – മൂന്ന് പാടുകൾ കണ്ടു. പോസ്റ്റ്മോർട്ടം റെക്കോർഡ് ചെയ്യേണ്ടതായിരുന്നു. എന്നാൽ മൃതദേഹത്തിന്റെ ചിത്രങ്ങൾ മാത്രം എടുത്താൽ മതിയെന്നായിരുന്നു ഉന്നതങ്ങളിൽനിന്നുള്ള നിർദേശം. ഉത്തരവിന് അനുസരിച്ചു മാത്രമാണ് ഞങ്ങൾ നീങ്ങിയത്’’ – ദേശീയമാധ്യമത്തോട് ഷാ പറഞ്ഞു.
സുശാന്തിന്റെ മൃതദേഹം കണ്ടപ്പോൾത്തന്നെ ഇത് ആത്മഹത്യയല്ല കൊലപാതകം ആണെന്ന് രൂപ്കുമാർ ഷാ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. എന്നാൽ ‘ചട്ടം അനുസരിച്ചു പ്രവർത്തിക്കാ’നായിരുന്നു നിർദേശം. ‘‘മൃതദേഹം ആദ്യം കണ്ടപ്പോൾത്തന്നെ ആത്മഹത്യയല്ല, കൊലപാതകമാണെന്നു തോന്നുന്നതായി മേലധികാരികളോടു പറഞ്ഞു. നിയമപ്രകാരം പ്രവർത്തിക്കണമെന്ന് അവരോടു ഞാൻ പറഞ്ഞു. പക്ഷേ, എത്രയും പെട്ടെന്ന് ഫോട്ടോ എടുത്തശേഷം മൃതദേഹം പൊലീസുകാർക്ക് കൈമാറാനായിരുന്നു നിർദേശം. അതുകൊണ്ട് രാത്രിയിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്’’ – ഷാ കൂട്ടിച്ചേർത്തു.
ഉന്നതാധികാരികളുടെ നിർദ്ദേശപ്രകാരം സുശാന്തിന്റെ മൃതദേഹത്തിന്റെ ചിത്രങ്ങൾ പകർത്താൻ മാത്രമേ തങ്ങളുടെ ടീമിന് അനുവാദമുണ്ടായിരുന്നുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2020 ജൂൺ 14നാണ് ബോളിവുഡ് താരം സുശാന്ത് സിങ് രജ്‍പുതിനെ ബാന്ദ്രയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാണെനന്നായിരുന്നു പോലീസിന്റെയടക്കം നിഗമനമെങ്കിലും കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി സുശാന്തിന്റെ കുടുംബം രംഗത്തെത്തി. നാളുകൾ കഴിഞ്ഞിട്ടും കേസിലെ ദുരൂഹത ഇപ്പോഴും ബാക്കിയാണ്. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ), നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി), എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നീ പ്രധാന കേന്ദ്ര ഏജൻസികളാണ് സുശാന്തിന്റെ മരണം അന്വേഷിക്കുന്നത്.
നടന്റെ പെട്ടെന്നുള്ള വിയോഗത്തിന് ശേഷം ബോളിവുഡിലെ ചില ഭാഗങ്ങളിൽ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് എൻസിബി അന്വേഷണം ആരംഭിച്ചിരുന്നു. മരണസമയത്ത് സുശാന്ത് നടി റിയയുമായി പ്രണയത്തിലായിരുന്നു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ 2020 ൽ റിയയെയും സഹോദരൻ ഷോക് ചക്രവർത്തിയെയും എൻസിബി അറസ്റ്റ് ചെയ്തിരുന്നു. ഒരു മാസത്തിലേറെയായി നടി മുംബൈയിലെ ബൈക്കുള ജയിലിലായിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് മയക്കുമരുന്നുമായി ബന്ധപ്പെട്ട രണ്ട് കേസുകൾ എൻസിബി രജിസ്റ്റർ ചെയ്തിരുന്നു. റിയക്കും സഹോദരനും പുറമേ മറ്റ് നിരവധി പേരെയും കഴിഞ്ഞ വർഷം സെപ്റ്റംബറിൽ എൻസിബി അറസ്റ്റ് ചെയ്യുകയും ചെയ്തു.