കോട്ടയം: കോട്ടയത്തെ നിർഭയ കേന്ദ്രം പൂട്ടി. പോക്സോ ഇരകളടക്കം ചാടിപ്പോയതിനെ തുടർന്നാണ് വനിതാ ശിശു വികസന വകുപ്പിന്‍റെ നടപടി. മഹിളാ സമഖ്യ സൊസൈറ്റി എന്ന എൻ ജി ഒ യെ സ്ഥാപന നടത്തിപ്പിൽ നിന്ന് ഒഴിവാക്കാനും നിർദ്ദേശമുണ്ട്. പുതിയ നിർഭയ കേന്ദ്രം തുടങ്ങാൻ മറ്റൊരു എൻജി ഒ യെ കണ്ടെത്തും.
കഴിഞ്ഞ നവംബറിലാണ് കോട്ടയത്തെ നിർഭയ കേന്ദ്രത്തിൽ നിന്ന് ഒമ്പത് പെൺകുട്ടികൾ ചാടിപ്പോയത്. രാത്രിയിൽ നിർഭയ കേന്ദ്രത്തിൽ നിന്ന് പെൺകുട്ടികൾ രക്ഷപ്പെട്ട വിവരം പുലർച്ചെ അഞ്ചരക്കാണ് ജീവനക്കാർ അറിഞ്ഞത്. പിന്നീടി രക്ഷപ്പെട്ടവരിൽ ഒരാളുടെ ബന്ധുവീട്ടിൽ നിന്ന് ഒമ്പത് പേരെയും കണ്ടെത്തുകയായിരുന്നു.
വീട്ടുകാരെ കാണാന്‍ ഷെല്‍ട്ടര്‍ ഹോം ജീവനക്കാര്‍ അനുവദിക്കുന്നില്ലെന്നും കക്കൂസ് കഴുകിക്കുന്നതടക്കമുളള ജോലികള്‍ നിര്‍ബന്ധിച്ച് ചെയ്യിച്ചതോടെ മനം മടുത്ത് സ്ഥലം വിടുകയായിരുന്നെന്നുമായിരുന്നു കുട്ടികള്‍ പൊലീസിനോട് പറഞ്ഞത്.