തിരുവനന്തപുരം: നൂറോളം ഇന്‍സ്റ്റലേഷനുകളാണ് നഗര വസന്തത്തിന്റെ ഭാഗമായി കനകക്കുന്ന് പരിസരത്തും നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലുമായി ഒരുക്കിയിട്ടുള്ളത്. ഇതില്‍ ഏറ്റവും ശ്രദ്ധേയമായ ഇന്സ്റ്റലേഷന് ഏത് എന്ന ചോദ്യത്തിന് എല്ലാവരും നല്കുന്ന ഉത്തരം വസന്ത കന്യക എന്നതാണ്.
നഗര വസന്തത്തിലെ ഏറ്റവും വലിയ ഇന്‍സ്റ്റലേഷനായ വസന്ത കന്യക സൂര്യകാന്തിയില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ്. ക്രിയേറ്റീവ് ആര്‍ട്ടിസ്റ്റായ ഹൈലേഷാണ് നഗര വസന്തത്തിലെ ഇന്‍സ്റ്റലേഷനുകളുടെ നിര്‍മാണത്തിനു നേതൃത്വം നല്‍കിയത്.
വസന്ത കന്യകയുടെയും സൃഷ്ടാവ് ഹൈലേഷാണ്. മുടിയിഴകളില്‍ പുക്കള്‍ വിടര്‍ന്നു നില്ക്കുന്ന കന്യകയുടെ മുഖവും കൈയ്യും കൈയ്യില്‍ നിന്നും ഒഴുകിയിറങ്ങുന്ന ജലധാരയും കുളവുമൊക്കെ അടങ്ങുന്ന വസന്ത കന്യക ഇന്സ്റ്റലേഷന് 20 അടിയോളം ഉയരമുണ്ട്.
ഹൈലേഷിന്റെ നേതൃത്വത്തില്‍ 15ഓളം കലാകാരന്മാരാണ് വസന്ത കന്യകയെ ഒരുക്കിയത്. ഇരുമ്പ് ചട്ടക്കൂടില്‍ പ്ലാസ്റ്റര്‍ ഓഫ് പാരിസിലാണ് നിര്‍മാണം. 15 കലാകാരന്മാര്ക്കു പുറമേ വെല്‍ഡിങ്ങിനും ലാന്‍ഡ് സ്കേപിങ്ങിനുമൊക്കെയായി 30ഓളം തൊഴിലാളികളും നിര്‍മാണത്തില്‍ പങ്കാളികളായി.
ഗിരീഷ്, മനോജ്, അഭിരാം തുടങ്ങിയവർ വസന്ത കന്യകയുടെ മുടിയഴകളില്‍ വസന്തമൊരുക്കുന്നതിനും ലാന്‍ഡ് സ്കേപ്പിങ്ങിനും ഹൈലേഷിന് സഹായിക്കളായി. 15 ദിവസത്തോളമെടുത്താണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. കൃത്രിമ തടാകവും തടാകത്തിന്റെ കരയിലെ കളിവഞ്ചിയുമെല്ലം ഇന്സ്റ്റലേഷന് ദൃശ്യഭംഗിപകരുന്നു.
കന്യകയുടെ കൈയ്യില്‍ നിന്നും തടാകത്തിലേക്ക് ഒഴുകിയിറങ്ങുന്ന ജലധാര നിശ്ചലദൃശ്യത്തിന് ലൈവ് പ്രതീതി നല്കുന്നു. പകല്‍സമയങ്ങളില്‍ത്തന്നെ വസന്ത കന്യകയെ കാണാനും ഫൊട്ടോയെടുക്കാനും ജനത്തിരക്കാണ്. രാത്രി ദീപാലങ്കാരങ്ങള്‍ തെളിയുന്നതോടെ വസന്ത കന്യക കൂടുതല്‍ സുന്ദരിയാകുന്നു.