തിരുവനന്തപുരം: സിപിഎം നേതാവ് ഇപി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ചത്. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന സാമ്പത്തിക ആരോപണങ്ങളാണ് തീരുമാനത്തിന് പിന്നിലെന്നാണ് വാര്‍ത്തകള്‍.
അതേസമയം, ഇപിക്കെതിരായ സാമ്പത്തിക ആരോപണം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും. വെള്ളിയാഴ്ചത്തെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ അദ്ദേഹം പങ്കെടുക്കില്ലെന്നാണ് വിവരം. അന്നേ ദിവസം കോഴിക്കോട് നടക്കുന്ന ഐഎന്‍എല്‍ പരിപാടിയില്‍ പങ്കെടുക്കും
സിപിഎം സംസ്ഥാന കമ്മിറ്റിയിലാണ് ഇപിക്കെതിരെ പി.ജയരാജന്‍ ആരോപണം ഉന്നയിച്ചത്. അനധികൃതമായി സ്വത്ത് സമ്പാദിച്ച ഇപി, കണ്ണൂരില്‍ റിസോര്‍ട്ടും ആയുര്‍വേദ സ്ഥാപനവും പടുത്തുയര്‍ത്തിയെന്നാണ് പ്രധാന ആരോപണം. ആയുര്‍വേദ റിസോര്‍ട്ടിന്റെ മറവില്‍ അനധികൃതമായി 30 കോടി സമ്പാദിച്ചുവെന്നും ഇ.പി ജയരാജന്റെ മകനും ഭാര്യയും റിസോര്‍ട്ടിന്റെ നടത്തിപ്പുകാരാണെന്നും പി ജയരാജന്‍ ആരോപിക്കുന്നു.
ആരോപണം ഉന്നയിക്കുന്നത് ആധികാരികതയോടെയാണെന്നും ഇപി ജയരാജനെതിരെ അന്വേഷണവും നടപടിയും വേണമെന്നും പി.ജയരാജന്‍ സംസ്ഥാന സമിതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പരാതി രേഖാമൂലം എഴുതിത്തന്നാല്‍ അന്വേഷിക്കാമെന്നായിരുന്നു എംവി ഗോവിന്ദന്‍ മറുപടി നല്‍കിയത്. അതേസമയം, തനിക്ക് റിസോര്‍ട്ടുമായി ബന്ധമൊന്നുമില്ലെന്നായിരുന്നു ഇപിയുടെ വിശദീകരണം.