പാലക്കാട്: സിക്കിമിലെ തവാംഗിൽ സൈനിക ട്രക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച മലയാളി ജവാൻ വൈശാഖിന്റെ മൃതദേഹം ജന്മനാടായ മാത്തൂരിൽ എത്തിച്ചു. അല്പസമയം മുൻപാണ് മാത്തൂരിലെ വീട്ടിലേക്ക് ഭൗതികശരീരം എത്തിച്ചത്. നാളെ സംസ്കാരം നടക്കും.
കോയന്പത്തൂർ വിമാനത്താവളം വഴി എത്തിച്ച മൃതദേഹ പേടകം, വാളയാർ അതിർത്തിയിലൂടെ റോഡ് മാർഗം ആംബുലൻസിലാണ് വീട്ടിലെത്തിച്ചത്. വാളയാറിൽ വച്ച് മന്ത്രി എം.ബി.രാജേഷ്, വി.കെ.ശ്രീകണ്ഠൻ എംപി, ഷാഫി പറമ്പിൽ എംഎൽഎ എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി. പ്രിയ സൈനികനെ അവസാനമായി ഒരു നോക്ക് കാണാൻ നിരവധി പേരാണ് വീട്ടിൽ എത്തിച്ചേർന്നത്.
ശനിയാഴ്ച്ച രാവിലെയോടെ തന്നെ ഭൗതിക ശരീരം ഹെലികോപ്റ്ററിൽ ഗാങ്ങ്ടോക്കിലേക്ക് എത്തിച്ചിരുന്നു. അവിടെ നിന്നും പോസ്റ്റ്മോർട്ടത്തിനും എംബാമിങ്ങിനും ശേഷമാണ് ഔദ്യോഗികമായി ബഹുമതികൾ അർപ്പിച്ച് വൈകിട്ട് ആറ് മണിയോടെ കോയമ്പത്തൂരിലേക്ക് എത്തിച്ചത്. അവിടെ നിന്ന് സൈനിക അകമ്പടിയോടെയാണ് പാലക്കാടേക്ക് എത്തിച്ചത്.
ഇന്ന് രാത്രി മുഴുവൻ വീട്ടിൽ പൊതുദർശനത്തിനായി സൂക്ഷിക്കുന്ന മൃതദേഹം തിങ്കളാഴ്ച രാവിലെ എട്ടിന് മന്ദം എയുപി സ്കൂളിലെ അന്തിമോപചാര വേദിയിലേക്ക് മാറ്റും. തുടർന്ന് 11-ന് തിരുവില്വാമല ഐവർമഠത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തും.
മാത്തൂർ ചെങ്ങണിയൂർക്കാവ് സ്വദേശിയാണ് വൈശാഖ്(26). നാല് വർഷത്തിലധികമായി സൈന്യത്തിൽ സേവനം അനുഷ്ഠിച്ച് വരവേയാണ് അപകടമുണ്ടായത്. സൈനികവാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് ഉദ്യോഗസ്ഥർ ഉൾപ്പെടെ 16 പേർക്കാണ് സിക്കിമിൽ ജീവൻ നഷ്ടമായത്.