മുംബൈ: മധ്യപ്രദേശിൽ വിവാഹ അഭ്യർത്ഥന നിരസിച്ച യുവതിയെ നടുറോഡിൽ ക്രൂരമായി മർദിച്ച യുവാവിന്റെ വീട് സർക്കാർ ഇടിച്ചു നിരത്തി. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നിർദേശ പ്രകാരമാണ് നടപടി. മർദനത്തിന്റെ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
രേവ ജില്ലയിലെ മൗഗഞ്ച് ടൗണിലെ ധേര സ്വദേശി 24കാരനായ പങ്കജ് ത്രിപാഠിയുടെ വീടാണ് പൊളിച്ചത്. ഇയാളുടെ ലൈസൻസും റദ്ദാക്കിയിട്ടുണ്ട്. വീട് തകർക്കുന്ന വീഡിയോ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.
“രേവ ജില്ലയിലെ മൗഗഞ്ച് മേഖലയിൽ പെൺകുട്ടിയെ ആക്രമിച്ച സംഭവത്തിൽ ക്രിമിനൽ പങ്കജ് ത്രിപാഠിയെ അറസ്റ്റ് ചെയ്യുകയും വീടിന് നേരെ ബുൾഡോസർ ഉപയോഗിക്കുകയും ചെയ്തു. ഡ്രൈവറായ പങ്കജിന്റെ ലൈസൻസും റദ്ദാക്കിയിട്ടുണ്ട്. മധ്യപ്രദേശിൽ സ്ത്രീകളോട് അതിക്രമം കാണിക്കുന്ന ആരും രക്ഷപ്പെടില്ല”- അദ്ദേഹം ട്വീറ്റ് ചെയ്തു.
രേവ ജില്ലയിൽ ബുധനാഴ്ചയാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. മൗഗഞ്ച് സ്വദേശിയാണ് പത്തൊൻപതുകാരിയായ യുവതി. ഉടൻ വിവാഹം കഴിക്കണമെന്ന് യുവതിയോട് പങ്കജ് ആവശ്യപ്പെട്ട. എന്നാല്‍, യുവതി എതിർത്തു. തൊട്ടുപിന്നാലെയായിരുന്നു ക്രൂര മർദനം എന്നാണ് റിപ്പോര്‍ട്ട്.
കൈയിൽ പിടിച്ച് നടന്നുപോകവെ യുവാവ് ഞൊടിയിടെ പെൺകുട്ടിയുടെ മുഖത്ത് ശക്തമായി അടിച്ച ശേഷം മുടിയിൽ കുത്തിപ്പിടിച്ച് വലിച്ച് നിലത്തു വീഴ്ത്തി. ശേഷം മുഖത്തും ദേഹമാസകലവും ശക്തിയായി ചവിട്ടുകയുമായിരുന്നു. ആക്രമണത്തിന്റെ കാഠിന്യത്താൽ പെൺകുട്ടി ബോധരഹിതയായി.
സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ സുഹൃത്തിനോട് ഇയാൾ വീഡിയോ ഡിലീറ്റ് ചെയ്യാൻ പറയുകയും അബോധാവസ്ഥയിലായ പെൺകുട്ടിയെ പിടിച്ച് എഴുന്നേൽപ്പിച്ച് നിർത്താൻ ശ്രമിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. പിന്നീട് പെൺകുട്ടിയെ വഴിയരികിൽ ഉപേക്ഷിച്ച് ഇയാൾ കടന്നുകളഞ്ഞു. മണിക്കൂറുകളോളം പെൺകുട്ടി ബോധരഹിതയായി വഴിയിൽ കിടന്നു. നാട്ടുകാരാണ് പെൺകുട്ടിയെ റോഡരികിൽ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. തുടർന്ന് പൊലീസിനെ അറിയിക്കുകയും ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.
ഇതിന്റെ ദൃശ്യങ്ങൾ വൈറലായതിന് പിന്നാല ഒളിവിൽ പോയ പങ്കജിനെ ഇന്നാണ് ഉത്തർപ്രദേശിൽ നിന്നും പൊലീസ് പിടികൂടിയത്. പിന്നാലെ നിയമവിരുദ്ധമായി നിർമ്മിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്ന് വീടും ഇടിച്ചു നിരത്തി. യുവാവിന്റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അതേസമയം, മര്‍ദനമേറ്റ യുവതി ആശുപത്രിയിൽ ചികിത്സയില്‍ തുടരുകയാണ്. മൊബൈലിൽ മര്‍ദനത്തിന്‍റെ ദൃശ്യങ്ങൾ പകർത്തിയയാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പീഡനത്തിനിരയായ യുവതിയും പ്രതിയും തമ്മിൽ ബന്ധമുണ്ടായിരുന്നുവെന്നും ഇവർ തമ്മിൽ തർക്കമുണ്ടായെന്നും തുടർന്ന് ഇയാൾ യുവതിയെ മർദിക്കുകയായിരുന്നുവെന്നും സബ് ഡിവിഷണൽ ഓഫീസർ ഓഫ് പൊലീസ് (എസ്ഡിഒപി) നവീൻ ദുബെ പറഞ്ഞു.
















