ലോക്‌സഭാ സെക്രട്ടേറിയറ്റ് ഡയറക്ടർ സ്വന്തം വസതിയിൽ മരിച്ച നിലയിൽ. ആത്മഹത്യ എന്ന് പ്രാഥമിക നിഗമനം. സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ ഗൗരവ് ഗൗതമിനെ കണ്ടെത്തിയത്. നോയിഡ സെക്ടർ 82 ലെ കേന്ദ്രീയ വിഹാർ മേഖലയിലെ ഫ്ലാറ്റിൽ വച്ചാണ് ആത്മഹത്യ. ആത്മഹത്യ കുറുപ്പ് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ഗൗതമിന്റെ ഭാര്യ സ്വന്തം വീട്ടിലേക്ക് പോയിരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തിരിച്ചെത്തിയപ്പോൾ ഫ്ലാറ്റ് പൂട്ടിയിരിക്കുന്നതായി കണ്ടെത്തി. എന്തോ കുഴപ്പമുണ്ടെന്ന് സംശയിച്ച്, അവർ സെക്യൂരിറ്റി ഗാർഡിന്റെ സഹായത്തോടെ വീട്ടിൽ കയറി.
തുടർന്ന് ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഡോക്ടർമാർ മരിച്ചതായി സ്ഥിരീകരിച്ചു എന്ന് പൊലീസ് പറഞ്ഞു. ഫോറൻസിക് സംഘവും ലോക്കൽ പൊലീസും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി അയച്ചു. ഫ്ലാറ്റിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ വായ്പയെക്കുറിച്ചുള്ള പരാമർശമുണ്ടെന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി കുറിപ്പിലെ ഉള്ളടക്കം പരിശോധിച്ചുവരികയാണെന്നും അവർ വ്യക്തമാക്കി.
Story Highlights : loksabha secretariat director found dead at home
















