തിരുവനന്തപുരം: ആഡംബര ഹോട്ടലുകളിൽ താമസിച്ച് ഭക്ഷണവും മദ്യവും കഴിച്ച് മുങ്ങുന്നയാളെ പിടികൂടി പൊലീസ്. തൂത്തുകുടി സ്വദേശി ബിൻസൺ ജോണിനെ യാണ് അറസ്റ്റ് ചെയ്തത്. നിരവധി മോഷണക്കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറയുന്നു.
രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഹോട്ടലുകൾ കേന്ദ്രീകരിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. മാന്യവേഷധാരിയായി ഹോട്ടലുകളിൽ എത്തി മുറിയെടുക്കുന്ന ഇയാൾ ഇംഗ്ലീഷ ഭാഷയിലെ പ്രാവീണ്യം കൊണ്ടാണ് ആളുകളെ മയക്കിയിരുന്നത്. റൂം സർവീസും റെസ്റ്ററന്റ് – ബാർ സൗകര്യങ്ങളും ആവോളം ഉപയോഗിച്ച ശേഷം ബിൽ നൽകാതെ മുങ്ങുന്നതാണ് പതിവ്.
ബിൽ നൽകാതെ മുങ്ങുന്ന ഹോട്ടലുകളിൽ നിന്ന് വിലയേറിയ ലാപ്ടോപ്പ്, മൊബൈൽ ഫോൺ തുടങ്ങിയവ തന്ത്രപൂർവം കൈക്കലാക്കി കടത്തിക്കൊണ്ട് പോകുന്നതും ഇയാളുടെ പതിവായിരുന്നു. സമാനമായ തട്ടിപ്പ് തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ നടത്തിയ ശേഷം മുങ്ങിയ വേളയിലാണ് കൊല്ലത്ത് നിന്ന് ഇയാൾ പിടിയിലായത്.
തിരുവന്തപുരം സൗത്ത് പാർക്കിൽ തട്ടിപ്പ് നടത്തി ഒളിവിലായിരുന്ന ബിൻസനെ കൊല്ലത്ത് വെച്ചാണ് പൊലീസ് വലയിലാക്കുന്നത്. ബിൻസനെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്. ബിൻസണെ അറസ്റ്റ് ചെയ്തതിന് ശേഷം മറ്റു പൊലീസ് സ്റ്റേഷനുകളിൽ നിന്നും ബിൻസനെതിരെയുള്ള പരാതിയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് സ്റ്റേഷനിലേക്ക് കോളുകൾ വരുന്നുണ്ടെന്ന് കന്റോൺമെന്റ് പൊലീസ് പറയുന്നു. ഇയാൾക്കെതിരെ രാജ്യത്താകമാനം ഇരുനൂറോളം കേസുകളുണ്ടെന്നും പൊലീസ് പറയുന്നു.
ഹോട്ടലില്‍ മുറിയെടുക്കാനായി വ്യാജ തിരിച്ചറിയല്‍ രേഖകളാണ് ഇയാള്‍ നല്‍കാറുള്ളത്. തെരിനാഥന്‍, വിജയ്കാരന്‍, മൈക്കല്‍ ജോസഫ്, ദിലീപ് സ്റ്റീഫന്‍, മൈക്കല്‍ ഫെര്‍ണാണ്ടോ, രാജീവ് ദേശായി, എസ്.പി. കുമാര്‍, സഞ്ജയ് റാണെ തുടങ്ങിയ 11 കള്ളപ്പേരുകളും ഇയാള്‍ക്കുണ്ട്. 2018-ല്‍ കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ സമാനരീതിയില്‍ മോഷണം നടത്തിയതിന് വിന്‍സെന്റ് പിടിയിലായിരുന്നു. മുംബൈ നഗരത്തിലാണ് വിന്‍സെന്റിനെതിരേ ഏറ്റവും കൂടുതല്‍ കേസുകളുള്ളത്.
രാജ്യത്തെ ഹോട്ടലുകളിൽ നടക്കുന്ന അഴിമതി പ്രവർത്തനങ്ങളും വ്യഭിചാരകൃത്യങ്ങൾക്കുമെതിരായി ആണ് താൻ തട്ടിപ്പ് നടത്തുന്നതെന്നാണ് പിടിയിലായ ശേഷം ഇയാൾ മാധ്യമങ്ങൾക്ക് മുന്പിൽ അവകാശപ്പെട്ടത്.