ന്യൂ ഡല്‍ഹി: ചൈനയില്‍ കണ്ടെത്തിയ കൊവിഡ് ഒമിക്രോണ്‍ പുതിയ വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിയുടെ ജാഗ്രത നിര്‍ദ്ദേശം. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവരും മാസ്‌ക് ധരിക്കണമെന്നും ശുചിത്വം പാലിക്കണമെന്നും ജാഗ്രത കുറവ് മറ്റൊരു ഉത്സവ കാലത്തിന്റെ സന്തോഷമില്ലാതാക്കാന്‍ ഇടവരുത്തരുതെന്നും പ്രധാനമന്ത്രി ഓര്‍മ്മപ്പെടുത്തി.
അതേസമയം, രാജ്യത്ത് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നവരുടെ എണ്ണം കുത്തനെ ഉയര്‍ന്നതായി റിപ്പോര്‍ട്ട്. പല നഗരങ്ങളിലും ഇത് പത്തിരട്ടിയോളമായി ഉയര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. മൂക്കിലൂടെ നല്‍കുന്ന വാക്സീന്‍ കൊവിന്‍ ആപ്പില്‍ ഉള്‍പ്പെടുത്തി. കൂടാതെ വിമാനത്താവളങ്ങളില്‍ കൂടുതല്‍ യാത്രക്കാരെ പരിശോധിക്കാന്‍ സൗകര്യം ഒരുക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കി.