തിരുവനന്തപുരം: പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ രണ്ടാനച്ഛന് അഞ്ചു ജീവപര്യന്തവും മരണംവരെ കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയും വിധിച്ച്
തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് (പോക്സോ ) കോടതി.
2021 മേയിലാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരത്തുള്ള വാടകവീട്ടിൽ അമ്മയ്ക്കും രണ്ടാനച്ഛനുമൊപ്പം താമസിച്ചുവന്നിരുന്ന പതിമൂന്നുകാരിയാണ് പീഡനത്തിന് ഇരയായത്. വയറുവേദനയും ഛർദിയും തുടർച്ചയായി വന്നതിനെത്തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജിൽ പരിശോധനയ്ക്കായി ചെന്നപ്പോഴാണ് പെൺകുട്ടി മൂന്നു മാസം ഗർഭിണിയാണെന്നുള്ള വിവരം പുറത്തറിഞ്ഞത്.
തുടർന്ന് ആശുപത്രി അധികൃതർ പള്ളിക്കൽ പോലീസിൽ വിവരമറിയിച്ചു. അന്വേഷണത്തിൽ രണ്ടാനച്ഛനെതിരേ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. കേസ് എടുത്ത വിവരമറിഞ്ഞ് പ്രതി ഒളിവിൽ പോയെങ്കിലും പള്ളിക്കൽ സിഐ ആയിരുന്ന പി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ പ്രതിയെ തമിഴ്നാട് ഏർവാടിയിൽനിന്ന് അറസ്റ്റ് ചെയ്തു.
ഏർവാടിയിൽ ഒളിവിൽ താമസിച്ച് വിദേശത്തേക്കു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലാകുന്നത്. പ്രതിയിൽനിന്ന് ഡിഎൻഎ പരിശോധനയ്ക്കുള്ള തെളിവുകൾ ഉൾപ്പെടെ ശേഖരിച്ചിരുന്നു.