പാലക്കാട്: പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ കൊലക്കേസിൽ ഒരാള്‍ കൂടി അറസ്റ്റില്‍. 23ആം പ്രതി മുഹമ്മദ് ഹക്കീമിൻ്റെ അറസ്റ്റാണ് പാലക്കാട് ടൗൺ സൗത്ത് പൊലീസ് ഇന്ന് രേഖപ്പെടുത്തിയത്. ഗൂഢാലോചനാക്കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഒളിവിൽ കഴിയുന്നതിനിടെയാണ് ഹക്കീമിനെ പൊലീസ് പിടികൂടിയത്. പ്രതികൾ സഞ്ചരിച്ച വാഹനം പൊളിക്കുന്നതിന് ഒത്താശ ചെയ്തത് ഹക്കീമാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 52 പ്രതികളുള്ള കേസിൽ ഇതുവരെ 43 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിൽ 16 നാണ് ആർഎസ്എസ് പ്രവര്‍ത്തകനായ ശ്രീനിവാസനെ മേലാമുറിയിലെ കടയിൽ കയറി അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തുന്നത്. മൂന്ന് ബൈക്കുകളിലായി ആറംഗ സംഘമാണ് പട്ടാപ്പകൽ നഗരമധ്യത്തിലെ കടയിൽ കയറി ശ്രീനിവാസനെ കൊലപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്‍റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസൻ വധമെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ.