കൊച്ചി: കുർബാന തർക്കം നടന്ന എറണാകുളം സെന്റ് മേരീസ് ബസിലിക്ക പള്ളിയിലെ പാതിരാ കുർബാന ഉപേക്ഷിച്ചു. സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. എഡിഎം വിളിച്ച ചർച്ചയിൽ പാതിരാ കുർബാന അടക്കം തിരുക്കർമ്മങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ ഇരു വിഭാഗവും തമ്മില്‍ ധാരണയായി. വിമത വിഭാഗത്തേയും ഔദ്യോഗിക വിഭാഗത്തേയും വിളിച്ചു ചേര്‍ത്താണ് എ.ഡി.എം ചര്‍ച്ച നടത്തിയത്.
സംഘർഷത്തിന് സമവായം ഉണ്ടായശേഷം ഇനി പള്ളിയിൽ തിരുകർമ്മങ്ങൾ നടത്തിയാൽ മതിയെന്ന നിർദ്ദേശം അംഗീകരിക്കുകയായിരുന്നു. ബസലിക്ക അഡ്മിനിസ്ട്രേറ്റർ ഫാദർ ആന്റണി പൂതവേലിൽ, വിമതവിഭാഗം വൈദിക സെക്രട്ടറി ഫാദർ കുര്യാക്കോസ് മുണ്ടാൻ അടക്കമുള്ളവരാണ് ചർച്ചയിൽ പങ്കെടുത്തത്.
ഇരു വിഭാഗത്തേയും പുറത്തിറക്കി ഇപ്പോള്‍ പള്ളിയുടെ നിയന്ത്രണം പൂര്‍ണമായും പൊലീസ് ഏറ്റെടുത്തിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇനിയൊരു പ്രതിഷേധം ഉണ്ടാകാനുള്ള സാഹചര്യമില്ല. ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തും അഡ്മിനിസ്‌ട്രേറ്ററും പള്ളിയില്‍ നിന്ന് പുറത്ത് പോയിട്ടുണ്ട്.
ഇരു വിഭാഗവും രാത്രി കുര്‍ബാന അര്‍പ്പിക്കാന്‍ എത്തില്ല. സംഘര്‍ഷത്തില്‍ ഇടപെട്ട പൊലീസിന് ഉച്ചയോടെ ഇരുവിഭാഗത്തേയും പിരിച്ചുവിടാനായിരുന്നു. വൻ സംഘർഷത്തിനാണ് ബസലിക്ക സാക്ഷിയായത്. ജനാഭിമുഖ കുർബാന നടക്കുന്ന അൾത്താരയിലേക്ക് ഒരു വിഭാഗം വിശ്വാസികൾ ഇരച്ചു കയറിയിരുന്നു.
അൾത്താരയിലെ ഫർണിച്ചറുകൾ അടിച്ച് തകർത്തു. പൊലീസും വിശ്വാസികളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധ സൂചകമായിട്ടാണ് ജനാഭിമുഖ കുർബാന നടത്തുന്നത്.
ഇന്നലെ വൈകീട്ട് അഞ്ച് മണി മുതലാണ് സിറോ മലബാർ സഭയിലെ ഇരുവിഭാഗവും എറണാകുളം സെന്റ് മേരീസ് ബസിലിക്ക പള്ളിക്കുള്ളിലെത്തി ജനാഭിമുഖവും ഏകീകൃത രീതിയിലുള്ള കുർബാനയും നടത്തി തുടങ്ങിയത്. പള്ളി പരിസരത്ത് 18 മണിക്കൂർ നേരമാണ് സംഘർഷാവസ്ഥ നീണ്ടുനിന്നത്. അൾത്താരയിൽ അസഭ്യവർഷവും ഏറ്റുമുട്ടലും ഉണ്ടായി. പ്രതിഷേധക്കാര്‍ വൈദികരെ കയ്യേറ്റം ചെയ്തു, ബലിപീഠം തള്ളിമാറ്റി, വിളക്കുകൾ തകർത്തു. പൊലീസ് സ്‌റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. സംഘർഷം അതിരുവിട്ടതോടെ പൊലീസ് ഇരുകൂട്ടരെയും പുറത്താക്കി പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്തു. മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അതിനിടെ, കുര്‍ബാന തര്‍ക്കം സംബന്ധിച്ച് വിമത വൈദികര്‍ മാര്‍പാപ്പയ്ക്ക് കത്തയച്ചു. ബസലിക്ക പള്ളിയില്‍ അടിയന്തിര ഇടപെടല്‍ വേണമെന്നാണ് വിമത വൈദികരുടെ കത്തിലെ ആവശ്യം. ബലി പീഠം തള്ളിയിട്ടതോടെ വിശുദ്ധി നഷ്ടപെടുത്തി. പുനഃപ്രതിഷ്ഠ നടത്താതെ അള്‍ത്താരയില്‍ ഇനി കുര്‍ബാന നടത്തരുതെന്നും വൈദികര്‍ ആവശ്യപ്പെട്ടു. വൈദിക സമിതി സെക്രട്ടറി ഫാദര്‍ കുര്യാക്കോസ് മുണ്ടാടനാണ് മാര്‍പാപ്പയ്ക്ക് കത്ത് അയച്ചത്.