മലപ്പുറം: എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനെതിരെ പി. ജയരാജൻ സാമ്പത്തികാരോപണം ഉന്നയിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ. പാർട്ടി പ്രവർത്തിക്കുന്നത് സമൂഹത്തോട് ചേർന്നാണ്. സമൂഹത്തിൽ പ്രവർത്തിക്കുമ്പോൾ പാലിക്കേണ്ട സൂക്ഷമതയെക്കുറിച്ച് പാർട്ടി നിർദേശം നൽകും. സമൂഹത്തിലുള്ള ജീർണതകൾ പാർട്ടിയിലേക്ക് വരാതിരിക്കാനുള്ള ജാഗ്രത വേണം. അത്തരം ജീർണതകൾ പാർട്ടിയിൽ ഉണ്ടാവുമ്പോഴാണ് തെറ്റ് തിരുത്തൽ നടപടികൾ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി അംഗങ്ങൾക്ക് ഉണ്ടാകേണ്ട മികവാർന്ന വ്യക്തിത്വം, സ്വീകാര്യത, സാമൂഹികാവബോധം എന്നിവ കാത്തുസൂക്ഷിച്ച് മുന്നോട്ടു പോകണം. അതിൽ പരിമിതികളുണ്ടാകുമ്പോൾ ചൂണ്ടിക്കാട്ടി തിരുത്തുക എന്നത് കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തന രീതിയാണെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരിൽ ഇ.പി ജയരാജന്റെ മകൻ ജയ്‌സന്റെ പേരിലുള്ള റിസോർട്ട് നിർമാണത്തിന്റെ മറവിൽ സാമ്പത്തിക തിരിമറിയും അനധികൃത സ്വത്ത് സമ്പാദനവും നടത്തിയതായാണ് പി.ജയരാജൻ സംസ്ഥാന കമ്മിറ്റി യോഗത്തിൽ ആരോപിച്ചത്. ആന്തൂർ നഗരസഭയിലെ നാലാം വാർഡായ ഉടുപ്പക്കുന്നിലെ ആയുർവേദ റിസോർട്ടുമായി ബന്ധപ്പെട്ടാണ് ആരോപണം.