ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ അണിചേർന്ന് ഉലകനായകൻ കമൽ ഹാസൻ. ഐടിഒ മുതല്‍ ചെങ്കോട്ട വരെയുള്ള മൂന്നര കിലോമീറ്റര്‍ ദൂരം രാഹുലിനൊപ്പം സഞ്ചരിച്ചാണ് കമല്‍ ഹാസനും യാത്രയുടെ ഭാഗമായത്. കമലിനൊപ്പം മക്കള്‍ നീതി മയ്യം നേതാക്കളും യാത്രയില്‍ പങ്കെടുത്തു.
താൻ യാത്രയിൽ പങ്കെടുത്തത് ഒരു ഭാരതീയൻ ആയത് കൊണ്ടാണെന്നും തന്റെ അച്ഛൻ ഒരു കോൺഗ്രസ് അനുഭാവി ആയിരുന്നുവെന്നും കമൽ ഹാസൻ വ്യക്തമാക്കി.
ജോഡോ യാത്രയുടെ ഡൽഹി പര്യടനം ചെങ്കോട്ടയ്ക്ക് സമീപത്ത് എത്തിയ വേളയിലാണ് ഹാസൻ യാത്രയിൽ പങ്കുചേർന്നത്. രാജ്യത്തിന് തന്നെ ഏറ്റവും ആവശ്യമുള്ള സമയമിതാണെന്നും ഇന്ത്യക്കായി രാഷ്ട്രീയ വേർതിരിവുകൾ മറന്ന് ഒന്നിക്കണമെന്ന് തോന്നിയതിനാലാണ് യാത്രയിൽ പങ്കെടുത്തതെന്നും ഹാസൻ കൂട്ടിച്ചേർത്തു.
ഭരണഘടന ആക്രമിക്കപ്പെട്ടാൽ താൻ തെരുവിലിറങ്ങുമെന്ന് കമൽഹാസൻ പറഞ്ഞു. രാജ്യം ഭരിക്കുന്നത് ആരാണ് എന്നത് തനിക്ക് വിഷയമല്ലെന്നും പ്രതിസന്ധി ഉണ്ടായാൽ എല്ലാവരും ഒന്നാണെന്നും ഡൽഹിയിൽ ഭാരത് ജോഡോ യാത്രയിൽ പങ്കു ചേർന്ന് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
“രാഹുൽ ഗാന്ധി നെഹ്റുവിന്റെ പൗത്രനായും താൻ ഗാന്ധിയുടെ ചെറുമകനായുമാണ് എത്തിയിരിക്കുന്നത്. ഇന്ത്യയുടെ ചെറുമക്കളാണ് ഞങ്ങൾ രണ്ടുപേരും. രാജ്യം ആര് ഭരിക്കുന്നു എന്നത് എനിക്ക് വിഷയമല്ല. ഭരണഘടന ആക്രമിക്കപ്പെട്ടാൽ താൻ തെരുവിലിറങ്ങിയിരിക്കും. അതിനായാണ് ഇപ്പോൾ ഇവിടെ എത്തിയിരിക്കുന്നത്. ഈ യാത്രയിൽ പങ്കെടുക്കുന്നതിനെ പലരും വിലക്കിയിരുന്നു. എന്നാൽ എന്റെ ഉള്ളിലുണ്ടായിരുന്ന ചിന്ത, ഭാരതം കൈവിട്ട് പോകുന്നതിന് സഹായിക്കുന്നതിലും നല്ലത് രാജ്യത്തെ പടുത്തുയർത്തുന്നതിന് സഹായിക്കുന്നതല്ലേ എന്നതായിരുന്നു”.
“എന്നെ സംബന്ധിച്ചിടത്തോളം ഈ യാത്ര തുടങ്ങിയിട്ടേയുള്ളൂ. ഇന്ത്യയുടെ മഹത്തരമായ പാരമ്പര്യത്തെയും രാജ്യത്തിന്റെ ഭാവിയെയും ബന്ധിപ്പിക്കുന്നതിനായി ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ട്. വരും തലമുറകൾക്ക് വേണ്ടിയാണ് ഈ യാത്ര. ഇത്തരമൊരു യാത്രക്ക് നേതൃത്വം നൽകാൻ ധൈര്യം കാണിച്ച രാഹുൽ ഗാന്ധിക്ക് അഭിനന്ദനങ്ങൾ”. അദ്ദേഹം പറഞ്ഞു
ഭാരത് ജോഡോ യാത്ര ഉത്തരേന്ത്യയിൽ പരാജയപ്പെടുമെന്ന ആക്ഷേപത്തിന് മറുപടിയാണ് വടക്കൻ സംസ്ഥാനങ്ങളിലും ഡൽഹിയിലും യാത്രയ്ക്ക് അഭിവാദ്യം അർപ്പിക്കാനെത്തിയ ജനക്കൂട്ടമെന്ന് രാഹുൽ ചൂണ്ടിക്കാട്ടി.
കോവിഡ് വകഭേദം ആശങ്കയുയര്‍ത്തുന്ന സാഹചര്യത്തില്‍ യാത്ര നിര്‍ത്തിവെക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പടുന്നതിനിടെയാണ് തലസ്ഥാനനഗരിയിലൂടെ ജോഡോ യാത്ര കടന്നുപോകുന്നത്. രാജ്യതാത്പര്യവും ജനങ്ങളുടെ ആരോഗ്യവും കണക്കിലെടുത്ത് യാത്ര നിര്‍ത്തണമെന്ന് കേന്ദ്രമന്ത്രിമാര്‍ കഴിഞ്ഞ ദിവസവും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോവിഡിന്റെ പേരില്‍ യാത്രയെ തകര്‍ക്കാനാണ് ബിജെപിയുടെ ശ്രമമെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.