തിരുവനന്തപുരം: വനിതാ പ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡിവൈഎഫ്ഐ നേതാവ് ജെ.ജെ അഭിജിത്തിനെതിരെ നടപടി. ഡിവൈഎഫ്ഐ മുന്‍ ജില്ലാ അദ്ധ്യക്ഷന്‍ ജെ.ജെ അഭിജിത്തിനെ സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനാണ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ വനിതാ പ്രവര്‍ത്തകയുടെ പരാതിയില്‍ നേമം ഏരിയാ കമ്മിറ്റിയില്‍ നിന്നും ബ്രാഞ്ച് കമ്മിറ്റിയിലേക്ക് അഭിജിത്തിനെ തരംതാഴ്ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സസ്പെന്‍ഷന്‍.
കഴിഞ്ഞ ദിവസം ലഹരിവിരുദ്ധ ക്യാമ്പയ്നില്‍ പങ്കെടുത്തതിന് പിന്നാലെ ബാറില്‍ പോയി അഭിജിത്തും സംഘവും മദ്യപിച്ചിരുന്നു. ഈ സംഭവത്തിലും അഭിജിത്ത് നടപടി നേരിട്ടിരുന്നു.
അതേസമയം, എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയാവാന്‍ അഭിജിത്ത് പ്രായം കുറച്ചുകാട്ടിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പ്രായം കുറച്ച് കാണിച്ചത് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞിട്ടാണെന്ന് പറയുന്ന അഭിജിത്തിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. ഇതോടെയാണ് അഭിജിത്തിനെതിരായ നടപടി കൂടുതല്‍ കടുപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. എന്നാല്‍ പ്രായം കുറച്ചുകാണിക്കാന്‍ ഉപദേശിച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ആനാവൂര്‍ നാഗപ്പന്‍ പ്രതികരിച്ചു.