തിരുവനന്തപുരം: ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ചെന്ന വാര്‍ത്ത തള്ളാതെ സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്‍. ഇപി ജയരാജനെതിരെ സംസ്ഥാന കമ്മിറ്റിയില്‍ സാമ്പത്തിക ആരോപണം ഉയര്‍ന്നുവെന്നത് ശരിയാണോയെന്ന ചോദ്യത്തിന്, പാര്‍ട്ടിക്ക് അകത്ത് നടക്കുന്ന ചര്‍ച്ചകള്‍ പുറത്ത് പങ്കുവെക്കാന്‍ കഴിയില്ലയെന്ന മറുപടിയാണ് പി ജയരാജന്‍ നല്‍കിയത്.
സമൂഹത്തിന്റെ തെറ്റായ പല പ്രവണതകളും പാര്‍ട്ടിയിലെ കേഡര്‍മാരില്‍ വന്നുചേരും. അതിനെതിരെയുള്ള തെറ്റുതിരുത്തല്‍ രേഖയാണ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗീകരിച്ചത്. അതിന്റെ ഭാഗമായി പാര്‍ട്ടിക്കകത്തെ തെറ്റായ പ്രവണതകളെ കുറിച്ച് പറയുക എന്നതല്ലാതെ മറ്റുകാര്യങ്ങളൊന്നും ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പി ജയരാജന്‍ വ്യക്തമാക്കി.
ഇ.പി ജയരാജന്‍ സമ്മുന്നതനായ നേതാവാണ്. തെറ്റായ പ്രവണതയ്ക്കെതിരെയുള്ള ഉള്‍പ്പാര്‍ട്ടി സമരം സ്വാഭാവികമായി നടക്കും. എന്നാല്‍, പാര്‍ട്ടി സംസ്ഥാന കമ്മിറ്റിക്ക് അകത്തു പറഞ്ഞ കാര്യങ്ങള്‍ മാദ്ധ്യമങ്ങളുമായി പങ്കുവയ്ക്കില്ല. കാരണം, സിപിഎമ്മിനെ താറടിച്ചു കാണിക്കാന്‍ വലത് പക്ഷ മാദ്ധ്യമങ്ങള്‍ നന്നായി ശ്രമിക്കുന്നുണ്ട്. പലതും വലത് പക്ഷ മാദ്ധ്യമങ്ങളുടെ സൃഷ്ടിയാണെന്നും പി ജയരാജന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, സിപിഎം സംസ്ഥാന കമ്മിറ്റിയിലാണ് ഇപിക്കെതിരെ പി.ജയരാജന്‍ ആരോപണം ഉന്നയിച്ചത്. അനധികൃതമായി സ്വത്ത് സമ്പാദിച്ച ഇപി, കണ്ണൂരില്‍ റിസോര്‍ട്ടും ആയുര്‍വേദ സ്ഥാപനവും പടുത്തുയര്‍ത്തിയെന്നാണ് പ്രധാന ആരോപണം. ആയുര്‍വേദ റിസോര്‍ട്ടിന്റെ മറവില്‍ അനധികൃതമായി 30 കോടി സമ്പാദിച്ചുവെന്നും ഇ.പി ജയരാജന്റെ മകനും ഭാര്യയും റിസോര്‍ട്ടിന്റെ നടത്തിപ്പുകാരാണെന്നും പി ജയരാജന്‍ ആരോപിക്കുന്നു. ആരോപണം ഉന്നയിക്കുന്നത് ആധികാരികതയോടെയാണെന്നും ഇപി ജയരാജനെതിരെ അന്വേഷണവും നടപടിയും വേണമെന്നും പി.ജയരാജന്‍ സംസ്ഥാന സമിതിയില്‍ ആവശ്യപ്പെട്ടു.