ഇടുക്കി: ശബരിമല തീര്‍ത്ഥാടകരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ എട്ടുപേര്‍ മരിച്ചു. ഇടുക്കി കുമളി-കമ്ബം പാതയില്‍ രാത്രി പതിനൊന്നര മണിയോടെയായിരുന്നു അപകടം. ഒരു കുട്ടിയുള്‍പ്പെടെ പത്തു പേരാണ് വാഹനത്തിലുണ്ടായിരുന്നത്.
പാലത്തില്‍ ഇടിച്ചപ്പോള്‍ വാനത്തിലുണ്ടായിരുന്ന ഏഴു വയസ്സുകാരന്‍ ആണ്ടിപ്പെട്ടി സ്വദേശി ഹരിഹരന്‍ പുറത്തേക്ക് തെറിച്ചു വീണതിനാല്‍ കാര്യമായ പരുക്കേല്‍ക്കാതെ രക്ഷപെട്ടു. സംഘത്തിലെ ഒരാളുടെ നില ഗുരുതരമാണ്. കുട്ടിയെ കുമളിയിലെ ആശുപത്രിയിലും പരിക്കേറ്റ ആളെ കമ്ബത്തെ ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഏഴ് പേര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചതായാണ് വിവരം. മരിച്ചവരുടെ മൃതദേഹം തേനിയിലെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
നിയന്ത്രണം വിട്ട വാഹനം കൊട്ടാരക്കര ദിണ്ഢുക്കല്‍ ദേശീയ പാതയിലെ പാലത്തില്‍ നിന്നും താഴേക്ക് പതിക്കുകയായിരുന്നു. മുല്ലപ്പെരിയാറില്‍ നിന്നും തമിഴ് നാട്ടിലേക്ക് വെള്ളം കൊണ്ടു പോകുന്ന പെന്‍ സ്റ്റോക്കുകളിലൊന്നിനു മുകളിലേക്കാണ് കാര്‍ വീണത്. കുമളി പൊലീസും നാട്ടുകാരുമാണ് സംഭവ സ്ഥലത്ത് ആദ്യമെത്തിയത്. വാഹനം തല കീഴായി കിടന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. തമിഴ്‌നാട് പോലീസും ഫയര്‍ ഫോഴസും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.