ന്യൂഡല്‍ഹി: മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് ഇഡി കേസിലും ജാമ്യം. അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. നേരത്തെ വിചാരണ കോടതി കേസിൽ സിദ്ദിഖ് കാപ്പന്‍റെ ജാമ്യ ഹർജി തള്ളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
യുപി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സിദ്ദിഖ് കാപ്പന് നേരത്തെ സുപ്രീംകോടതി ജാമ്യം നൽകിയിരുന്നു. ഇഡി കേസിലും ജാമ്യം കിട്ടിയതോടെ സിദ്ദിഖ് കാപ്പന്റെ മോചനം വേഗത്തിലാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം. എന്നാല്‍ യുപി പൊലീസിന്റെ കേസിൽ കാപ്പന് വേണ്ടി ജാമ്യം നിന്നവരുടെ വെരിഫിക്കേഷൻ നടപടികൾ ബാക്കിയാണെന്ന് അഭിഭാഷകർ അറിയിച്ചു.
യുഎപിഎ കേസില്‍ ജാമ്യം നേടിയതിന് ശേഷം ആറാഴ്ചക്കാലം ഡല്‍ഹിയില്‍ കഴിയണമെന്നും അതിനുശേഷം നാട്ടിലേക്ക് മടങ്ങാമെന്നുമായിരുന്നു കോടതി പറഞ്ഞിരുന്നത്. എന്നാല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കേസില്‍ ജാമ്യം ലഭിക്കാതെ വന്നതോടെയായിരുന്നു ജയില്‍ മോചനം നീണ്ടുപോയത്.
സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ചതിൽ സന്തോഷമെന്ന് ഭാര്യ റെയ്ഹാന സിദ്ദിഖ് പറഞ്ഞു. വൈകിയാണ് വന്നത്, എങ്കിലും സന്തോഷം. ഓർഡർ കയ്യിൽ കിട്ടിയിട്ടില്ല. അത് കിട്ടിയാലേ ബാക്കി കാര്യങ്ങൾ അറിയൂ എന്ന് റെയ്ഹാന മാധ്യമങ്ങളോട് പറഞ്ഞു. യു.എ.പി.എ കേസിൽ ജാമ്യം ലഭിച്ചെങ്കിലും വെരിഫിക്കേഷൻ നടപടികൾ നാലുമാസമായിട്ടും പൂർത്തിയായില്ലെന്നും റെയ്ഹാന പ്രതികരിച്ചു.
ഹാത്രസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി പെൺകുട്ടി മരിച്ച സ്ഥലത്തേക്ക് പോകും വഴിയാണ് 2020 ഒക്ടോബർ അഞ്ചിന് സിദ്ദിഖ് കാപ്പൻ ഉൾപ്പെടെയെുള്ളവർ അറസ്റ്റിലായത്. ഹാത്രസിൽ കലാപമുണ്ടാക്കാൻ പോപുലർ ഫ്രണ്ട് ശ്രമിച്ചെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആരോപിച്ചിരുന്നു. ഇതിനായി സിദ്ദിഖ് കാപ്പനടക്കം നാലുപേർ നിയോഗിക്കപ്പെട്ടെന്നായിരുന്നു ഇ.ഡിയുടെ ആരോപണം. ഇവർക്ക് 1 കോടി 36 ലക്ഷം രൂപയുടെ ധനസഹായം ലഭിച്ചെന്നും ഇ.ഡി ആരോപിച്ചിരുന്നു.