ന്യൂ ഡല്‍ഹി: ചൈനയിലെ കോവിഡ് വ്യാപനം അതിരൂക്ഷമാകുമെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം പത്ത് ലക്ഷമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍. മരണ നിരക്ക് അയ്യായിരമെന്നും വിദഗ്ധര്‍ പറയുന്നു. ജനുവരിയിലും മാര്‍ച്ചിലും പുതിയ കൊവിഡ് തരംഗങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
141 കോടി ജനസംഖ്യയുള്ള ചൈനയില്‍ ഇതുവരെ ഉണ്ടായതിലെ ഏറ്റവും വലിയ കൊവിഡ് തരംഗമാണ് വരാന്‍ പോകുന്നതെന്നാണ് വിലയിരുത്തല്‍. ഏറ്റവും രൂക്ഷമായ സാഹചര്യമാണ് ചൈനയിലുള്ളതെന്ന് ലണ്ടന്‍ ആസ്ഥാനമായ ആരോഗ്യ വിശകലന സ്ഥാപനം എയര്‍ഫിനിറ്റി ലിമിറ്റഡ് പറയുന്നു. ജനുവരി പകുതിയോടെ പ്രതിദിന കേസുകള്‍ 37 ലക്ഷമായി ഉയരും. മാര്‍ച്ചില്‍ ഇത് 42 ലക്ഷത്തിലേക്ക് കടക്കും. കൊവിഡ് സീറോയില്‍ നിന്നുള്ള പെട്ടന്നുള്ള പിന്മാറ്റം വന്‍ തിരിച്ചടിയാണ് ചൈനയില്‍ ഉണ്ടാക്കിയിരിക്കുന്നത്.
അതേസമയം, ചൈനയിലെ കൊവിഡ് സാഹചര്യത്തില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ലോകാരോഗ്യ സംഘടന. ചൈനയിലെ സാഹചര്യം അതീവ ഗുരുതരമാണെന്നും രോഗത്തിന്റെ വ്യാപനം, രോഗികളുടെ എണ്ണം, അടിയന്തര ചികിത്സാ ആവശ്യങ്ങള്‍ എന്നിവയുടെ വിശദ വിവരങ്ങള്‍ നല്‍കണമെന്നും ലോകാരോഗ്യ സംഘടന ചൈനയോട് ആവശ്യപ്പെട്ടു.