ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒമിക്രോണ്‍ വകഭേദങ്ങള്‍ സ്ഥിരീകരിച്ചതിന തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ കോവിഡ് അവലോകന യോഗം വിളിച്ചു. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് ചേരുന്ന യോഗത്തില്‍ സംസ്ഥാന ആരോഗ്യമന്ത്രിമാര്‍ പങ്കെടുക്കും.
അതേസമയം, ഒമിക്രോണ്‍ വൈറസിന്റെ പുതിയ വകഭേദം അശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് ജാഗ്രത കൂട്ടണമെന്ന് പ്രധാനമന്ത്രി കഴിഞ്ഞദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു. കോവിഡ് ഭീഷണി അവസാനിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥർ നിസംഗത വെടിയണമെന്നും മോദി പറഞ്ഞു. കൂടുതൽ വെന്റിലേറ്റർ, ഓക്സിജൻ പ്ലാന്റുകൾ സജ്ജമാക്കണമെന്നും വിമാനത്താവളങ്ങിലടക്കം കോവിഡ് പരിശോധന ശക്തമാക്കണമെന്നും അദേഹം അറിയിച്ചു. കോവിഡ് വ്യാപനത്തിൽ ജാഗ്രത പുലർത്തണം. മാസ്ക് ഉപയോഗിക്കണം. കോവിഡ് മാനദണ്ഡങ്ങൾ എല്ലാവരും പാലിക്കണം. പ്രായമായവരും മറ്റും കരുതൽ ഡോസ് എടുക്കണം. സംസ്ഥാനങ്ങൾ ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കണം. വാക്സീനുകളും മരുന്നുകളും ആശുപത്രികളിൽ ഉറപ്പുവരുത്തണം. രാജ്യാന്തര വിമാനത്താവളങ്ങളിലെ നിരീക്ഷണം ശക്തമാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.